സഞ്ജു ടി20യില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പതറിയിരുന്നു.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുന്‍താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. സഞ്ജുവിന് പകരം യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ഏഷ്യാ കപ്പ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്‌ദാസ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സഞ്ജു ടി20യില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പതറിയിരുന്നു. സൂര്യകുമാറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പൂര്‍ണ കരുത്തുള്ള ഒരു ടീമിനെതിരെ ആദ്യമായി കളിച്ച ടി20 പരമ്പരയായിരുന്നു അത്. ആ പരമ്പരയില്‍ മികവ് കാട്ടാന്‍ സഞ്ജുവിനായില്ലെന്നും ദീപ്‌ദാസ് ഗുപ്ത പറഞ്ഞു.
ഏഷ്യാ കപ്പ് ടീമിലെടുത്താല്‍ ശുഭ്മാന്‍ ഗില്ലിന് വിരാട് കോലി ചെയ്തതുപോലെ ഇന്നിംഗ്സിനെ താങ്ങിനിര്‍ത്തുന്ന ബാറ്ററുടെ റോള്‍ ഭംഗിയായി ചെയ്യാനാവും. യുഎഇയിലെ സ്ലോ പിച്ചുകളില്‍ അത്തരമൊരു ബാറ്ററുടെ സാന്നിധ്യം ബാറ്റിംഗ് ലൈനപ്പില്‍ അനിവാര്യമാണ്. അതുപോലെ അഭിഷേക് ശര്‍മയും ഓപ്പണറെന്ന നിലയില്‍ തിളങ്ങിയ താരമാണ്. തന്‍റേതായ ദിവസം അഭിഷേകിന് കളി ഒറ്റക്ക് മാറ്റിമറിക്കാനാവും. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ടീമിലെത്തിയാല്‍ ഇന്ത്യക്ക് ഫിനിഷറായി ഇറങ്ങുന്ന വിക്കറ്റ് കീപ്പറെ ടീമിലെടുക്കുന്നതാവും അനുയോജ്യം. ഈ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മെ ഏഷ്യാ കപ്പിനുള്ള ടീമിലെടുക്കണമെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.
മധ്യനിരയില്‍ തിലക് വര്‍മക്കും സൂര്യകുമാര്‍ യാദവിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കുമൊപ്പം ശ്രേയസ് അയ്യര്‍ കൂടി തിരിച്ചെത്തിയാല്‍ ഏഴാം നമ്പറില്‍ മാത്രമെ വിക്കറ്റ് കീപ്പറായി എത്തുന്ന സഞ്ജുവിന് ബാറ്റ് ചെയ്യാനാവു. ഈ സാഹചര്യത്തില്‍ ഫിനിഷറായി തിളങ്ങുന്ന ജിതേഷാവും ടീമിലെത്താന്‍ സാധ്യത കൂടുതലുള്ള താരമെന്നും ടോപ് ഓര്‍ഡറില്‍ സ്ഥാനം കിട്ടാന്‍ സഞ്ജുവിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നും ദീപ്‌ദാ് ഗുപ്ത വ്യക്തമാക്കി.
