കിവികളെ മെതിക്കാന്‍ ഇന്ത്യ, ഇലവനില്‍ രണ്ട് മാറ്റം, വന്‍ തിരിച്ചുവരവുകള്‍; ടോസ് ജയിച്ച് രോഹിത് ശര്‍മ്മ
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം സൂര്യയിലൂടെയും ഷമിയിലൂടെയും നികത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇന്ത്യയും ന്യൂസിലന്‍ഡും ഉടനിറങ്ങും. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയും ഇടംപിടിച്ചു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഫോമിലല്ലാത്ത ഷര്‍ദ്ദുല്‍ താക്കൂറിനും പകരമാണ് ഇരുവരും ഇലവനിലെത്തിയത്. പാണ്ഡ്യയുടെ അഭാവം സൂര്യയിലൂടെയും ഷമിയിലൂടെയും നികത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമുള്ള സമാന ഇലവനുമായാണ് കിവീസ് ഇറങ്ങുന്നത്.
ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ന്യൂസിലന്‍ഡ് ഇലവന്‍: ദേവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെന്‍റി, ലോക്കീ ഫെര്‍ഗ്യൂസന്‍, ട്രെന്‍ഡ് ബോള്‍ട്ട്.
കണക്കുവീട്ടാന്‍ ഇന്ത്യ
ലോകകപ്പിലെ മുൻകാല ചരിത്രം ന്യൂസിലന്‍ഡിന് അനുകൂലമാണ്. 2003ന് ശേഷം ഇന്ത്യക്ക് ഐസിസി ടൂര്‍ണമെന്‍റുകളില്‍ കിവീസിനെ തോൽപ്പിക്കാനായിട്ടില്ല. 2003ൽ ഏഴ് വിക്കറ്റ് ജയം നേടിയ ശേഷം ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിനെ തോൽപ്പിക്കാനാവാതെ ടീം കിതയ്‌ക്കുകയാണ്. ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യക്ക് സ്ഥിരം തലവേദനയാണ് കിവികൾ. 2007ലും 2016ലും 2021ലും കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയെ ന്യൂസിലൻഡ് വീഴ്ത്തി. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കിവികൾ ഇന്ത്യയുടെ വഴിമുടക്കികളായി. എന്നാൽ അവസാനം നേര്‍ക്കുനേര്‍ വന്ന മൂന്ന് ഏകദിന മത്സരങ്ങളും ജയിക്കാനായതിന്‍റെ മുൻതൂക്കം ഇന്ത്യക്കുമുണ്ട്.
Read more: ന്യൂസിലന്‍ഡിനെതിരായ അങ്കം; മത്സരത്തിന് തൊട്ടുമുമ്പ് ആരാധകര്‍ കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം