പാകിസ്ഥാനെതിരെ അവസാന ടെസ്റ്റിന് മുമ്പ് സിഡ്‌നിയിലേക്ക് വരുമ്പോഴാണ് വാര്‍ണര്‍ക്ക് തൊപ്പി നഷ്ടമായത്. തന്റെ ബാക്ക്പാക്കിലാണ് വാര്‍ണര്‍ തൊപ്പി വച്ചിരുന്നത്.

സിഡ്‌നി: ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിനിറങ്ങുന്ന ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ തൊപ്പി (ബാഗി ഗ്രീന്‍) മോഷ്ടിക്കപ്പെട്ടിരുന്നു. പാകിസ്ഥാനെതിരെ അവസാന ടെസ്റ്റിന് മുമ്പ് സിഡ്‌നിയിലേക്ക് വരുമ്പോഴാണ് വാര്‍ണര്‍ക്ക് തൊപ്പി നഷ്ടമായത്. തന്റെ ബാക്ക്പാക്കിലാണ് വാര്‍ണര്‍ തൊപ്പി വച്ചിരുന്നത്. തൊപ്പി നഷ്ടമായതിനെ കുറിച്ച് വാര്‍ണര്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എടുത്തവര്‍ തിരിച്ചേല്‍പ്പിക്കണമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.

തൊപ്പി നഷ്ടമായതിനെ കുറിച്ച് വാര്‍ണര്‍ പറയുന്നതിങ്ങനെ.. ''ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പി ഉണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ഓസ്ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം.'' വാര്‍ണര്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഇപ്പോള്‍ വാര്‍ണറെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ്. തൊപ്പി തിരികെ ലഭിക്കാന്‍ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തണമെന്ന് ഷാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഓസ്ട്രേലിയന്‍ ഗവണ്‍മെന്റില്‍ നിന്ന് ഇപ്പോള്‍ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തണം. അത് തിരികെ ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ആവശ്യമായി വന്നേക്കാം. അവര്‍ അത് കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വാര്‍ണര്‍ ഒരു മികച്ച അംബാസഡറാണ്. ഏതൊരു ക്രിക്കറ്റ് താരത്തിനും ഇത് ഏറ്റവും വിലപ്പെട്ടതാണ് വാര്‍ണര്‍ക്ക് നഷ്ടമായത്. അത് അദ്ദേഹത്തിന് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' ഷാന്‍ വ്യക്തമാക്കി.

അതേസമയം, അവസാന ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റം വരുത്തിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് എന്നിവരെ ഒഴിവാക്കി. നാളെ സിഡ്‌നിയിലാണ് ടെസ്റ്റ്. അരങ്ങേറ്റക്കാരന്‍ സയിം അയൂബ്, ഇമാമിന് പകരം ടീമിലെത്തും. അഫ്രീദിക്ക് പകരം ഓഫ് സ്പിന്നര്‍ സാജിദ് ഖാനെ ടീമിലെത്തിച്ചു. വിശ്രമം ആവശ്യമുള്ളതുകൊണ്ടാണ് അഫ്രീദിയെ മാറ്റിനിര്‍ത്തിയതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇമാമിന് രണ്ട് ടെസ്റ്റിലും ഫോമിലാവാന്‍ സാധിച്ചിരുന്നില്ല.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, സെയിം അയൂബ്, ഷാന്‍ മസൂദ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, സാജിദ് ഖാന്‍, ആമിര്‍ ജമാല്‍, ഹസന്‍ അലി, മിര്‍ ഹംസ.

അഫ്രീദി പുറത്ത്! കാരണം വ്യക്തമാക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്; ഓസീസ് ടീമില്‍ മാറ്റമില്ല, മൂന്നാം ടെസ്റ്റ് നാളെ