പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്‍ ടി20യില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. മികച്ച രീതിയില്‍ കളി അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. 

ലാഹോര്‍: തന്റെ രാജ്യാന്തര ടി20 കരിയറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പാകിസ്ഥാന്‍ വെറ്ററന്‍ താരം ഫഖര്‍ സമാന്‍. കഴിഞ്ഞ മാസം അവസാനിച്ച 2026ലെ ടി20 ലോകകപ്പിന് ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ആ തീരുമാനം മാറ്റിയതായി 35കാരനായ താരം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്നും മികച്ച രീതിയില്‍ കളി അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

തീരുമാനം മാറ്റിയതിനെക്കുറിച്ച് ഫഖര്‍ പറയുന്നതിങ്ങനെ... ''ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആ തീരുമാനം പിന്‍വലിക്കുന്നു. എന്റെ ടി20 കരിയര്‍ ഒരു മികച്ച വിജയത്തോടെ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.''ഫഖര്‍ സമാന്‍ വ്യക്തമാക്കി. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദര്‍സിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അതേസമയം, പിഎസ്എല്ലിലെ ഒരു മത്സരത്തിനിടെ പന്ത് ചുരണ്ടിയതിന് ഫഖര്‍ സമാന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു.

കറാച്ചി കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. 13-ാം ഓവര്‍ മുതല്‍ തന്നെ ഫഖറിന്റെ നീക്കങ്ങളില്‍ അമ്പയര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിന് മുന്‍പ് അമ്പയര്‍ ഫൈസല്‍ അഫ്രീദി പന്ത് പരിശോധിക്കുകയും അസ്വാഭാവികമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായി കണ്ടെത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ലാഹോര്‍ ഖലന്ദര്‍സിന് അഞ്ച് റണ്‍സ് പിഴ ശിക്ഷ വിധിക്കുകയും പന്ത് മാറ്റുകയും ചെയ്തു. പന്ത് ചുരണ്ടാന്‍ എന്തോ പുറത്തുനിന്നുള്ള വസ്തു ഫഖര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപ്പീല്‍ തള്ളി

തനിക്ക് ലഭിച്ച വിലക്കിനെതിരെ ഫഖര്‍ സമാന്‍ പിഎസ്എല്‍ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അമ്പയര്‍മാരും മാച്ച് റഫറിയും നല്‍കിയ തെളിവുകള്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി ഈ അപ്പീല്‍ തള്ളി. വിലക്കിനെത്തുടര്‍ന്ന് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരം നഷ്ടമായ ഫഖറിന് ഏപ്രില്‍ 9ന് നടക്കുന്ന അടുത്ത മത്സരത്തിലും കളിക്കാനാകില്ല.

YouTube video player