ബാറ്റിംഗ് നിരയിലെ നെടുന്തൂണായ ബാബറിന്റെയും പേസ് നിരയുടെയും മങ്ങിയ പ്രകടനമാണ് പാകിസ്ഥാന്റെ ആശങ്ക. അവസാന അഞ്ച് ലോകകപ്പില്‍ നാല് തവണയും പാകിസ്ഥാന്‍ തുടങ്ങിയത് തോല്‍വിയോടെ.

ഹൈദരാബാദ്: ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. ഹൈദരാബാദിലാണ് മത്സരം. ലോകകപ്പില്‍ തോറ്റ് തുടങ്ങുന്ന പതിവ് തിരുത്തി കുറിക്കാനാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. അട്ടിമറി വിജയം സ്വപ്നം കണ്ട് നെതര്‍ലന്‍ഡ്‌സ് എത്തുന്നത്. സമീപനാളുകളിലെ തിരിച്ചടികളില്‍ നിന്ന് കരകയറി, ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വമ്പന്‍ വിജയം വേണം ബാബര്‍ അസമിനും സംഘത്തിനും.

ബാറ്റിംഗ് നിരയിലെ നെടുന്തൂണായ ബാബറിന്റെയും പേസ് നിരയുടെയും മങ്ങിയ പ്രകടനമാണ് പാകിസ്ഥാന്റെ ആശങ്ക. അവസാന അഞ്ച് ലോകകപ്പില്‍ നാല് തവണയും പാകിസ്ഥാന്‍ തുടങ്ങിയത് തോല്‍വിയോടെ. ഇത്തവണ തുടക്കത്തിലേ താരതമ്യേന ദുര്‍ബലരായ എതിരാളികളെ കിട്ടിയത് ആശ്വാസം. ഏത് വമ്പന്‍മാരെയും കൊമ്പുകുത്തിക്കാന്‍ ശേഷിയുള്ള പാക്‌നിര ഫോമിലേക്കെത്തിയാല്‍ നെതര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനാവില്ല.

ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് ജയിച്ചത് രണ്ടുകളിയില്‍ മാത്രം. അവസാന ജയം 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ. ഇരുടീമും മുഖാമുഖം വന്നത് ആറ് കളിയില്‍. ആറിലും ജയം പാകിസ്ഥാനൊപ്പം. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് സ്വപ്നവുമായി ഇറങ്ങുമ്പോള്‍ പേസ് നിരയുടെ മങ്ങിയ പ്രകടനമാണ് പാകിസ്ഥാന്റെ ആശങ്ക. സന്നാഹമത്സരങ്ങളില്‍ പേസര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നത് ആയിരുന്നു.

പാകിസ്ഥാന്‍ സാധ്യതാ ഇലവന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

കോലിയെ തൊടാനായില്ല! സെഞ്ചുറി നേട്ടത്തോടെ റെക്കോര്‍ഡ് പട്ടികയില്‍ കിവീസിന്റെ ഇന്ത്യന്‍ വംശജന്‍ രചിന്‍ രവീന്ദ്ര