നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന് ആശ്വാസജയം. മൂന്നാമത്തേയു അവസാനത്തേയും മത്സരത്തില്‍ നാല് വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്  പരമ്പര നേരത്തെ കിവീസ് സ്വന്തമാക്കിയിരുന്നു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്‌വാന്റെ ബാറ്റിങ്ങാണ് (59 പന്തില്‍ 89) പാകിസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഹഫീസ് 29 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായി. ഹൈദര്‍ അലി (11), ഖുഷ്ദില്‍ ഷാ (13), ഫഹീം അഷ്‌റഫ് (2), ഷദാബ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇഫ്തിഖര്‍ അഹമ്മദ് (14), മുഹമ്മദ് ഹസ്‌നൈന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ടിം സൗത്തി, സ്‌കോട്ട് കുഗെലെജിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഫഹീം അഷ്‌റഫിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡെവോന്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടിം സീഫെര്‍ട്ട് (35), ഗ്ലെന്‍ ഫിലിപ്‌സ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (1), ജയിംസ് നീഷാം (2), കുഗെലെജിന്‍ (14), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടിം സൗത്തി (6), കെയ്ല്‍ ജാമിസണ്‍ (0) പുറത്താവാതെ നിന്നു.