തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന- ടി20 പരമ്പരകളിലും താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

ഇന്‍ഡോര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന- ടി20 പരമ്പരകളിലും താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യിലും രാഹുലിന്റേത് നിര്‍ണായക ഇന്നിങ്‌സായിരുന്നു. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമ്പോഴോ അല്ലെങ്കില്‍ പരിക്കേല്‍ക്കുമ്പോഴോയാണ് താരത്തിന് അവസരം ലഭിക്കുന്നത്. ലങ്കയ്‌ക്കെതിരെ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചപ്പോഴാണ് താരം ഓപ്പണായെത്തിയത്. ധവാന് പരിക്കേറ്റപ്പോഴാണ് വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഓപ്പണായെത്തിയത്. 

ഇന്നലെ ധവാനൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 32 പന്തുകള്‍ നേരിട്ട താരം 45 റണ്‍സ് നേടി. എന്നാല്‍ മത്സരത്തിന് ശേഷം രസകരമായ ഒരു ചോദ്യത്തിന് താരം ഉത്തരം പറയേണ്ടിവന്നു. രോഹിത് അല്ലെങ്കില്‍ ധവാന്‍, ഇവര്‍ക്ക് ആര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യം എന്നായിരുന്നു ചോദ്യം. കുഴപ്പിക്കുന്ന ചോദ്യമായിരുന്നുവെങ്കിലും താരം മറുപടി നല്‍കി. 

രാഹുല്‍ പറയുന്നതിങ്ങനെ.. ''മത്സരം ജയിക്കുകയെന്ന പദ്ധതിയോടെയാണ് ക്രീസിലിറങ്ങുന്നത്. അനായാസമായി രോഹിത്തിനൊപ്പം ബാറ്റ് ചെയ്യാം. ധവാനുമൊത്ത് ബാറ്റ് ചെയ്യുന്നതും ഞാന്‍ ആസ്വദിക്കുന്നു. മുമ്പ് ഞാന്‍ ടെസ്റ്റ് കളിച്ചുതുടങ്ങുന്ന സമയത്ത് ധവാനുമൊത്ത് കടുത്ത മത്സരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു രസതന്ത്രമുണ്ട്. ഞാന്‍ രണ്ട് പേര്‍ക്കൊപ്പവും ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു.'' രാഹുല്‍ പറഞ്ഞുനിര്‍ത്തി.