ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം. മഴയെ തുടർന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ യശസ്വി ജയ്സ്വാളിന്റെ (77*) മികവിൽ 27 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്. 

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഗുവാഹത്തി, ബര്‍സപര സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്്‌സ്വാളിന്റെ (32 പന്തില്‍ പുറത്താവാതെ 77) അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (14 പന്തില്‍ 39) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി നന്ദ്രെ ബര്‍ഗര്‍, രവി ബിഷ്‌ണോയ്, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

25 റണ്‍സ് വീതം നേടിയ നമന്‍ ധിര്‍, ഷെഫാനെ റുതര്‍ഫോര്‍ഡ് എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തിലക് വര്‍മയാണ് (14) രണ്ടക്കം കണ്ട മറ്റൊരു താരം. റിയാന്‍ റിക്കിള്‍ട്ടണ്‍ (8), രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (6), ഹാര്‍ദിക് പാണ്ഡ്യ (9), ഷാര്‍ദുല്‍ താക്കൂര്‍ (8), ട്രന്റ് ബോള്‍ട്ട് (1) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. ദീപക് ചാഹര്‍ (6), ജസ്പ്രിത് ബുമ്ര (5) പുറത്താവാതെ നിന്നു.

നേരത്തെ, ഗംഭീര തുടക്കമാണ് വൈഭവ് - ജയ്്‌സ്വാള്‍ സഖ്യം രാജസ്ഥാന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ചേര്‍ത്തു. 30 പന്തുകള്‍ മാത്രമാണ് ഇരുവരും നേരിട്ടത്. ജസ്പ്രിത് ബുമ്രക്കെതിരെ സിക്‌സടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറിലാണ് മടങ്ങുന്നത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ധ്രുവ് ജുറലും (2) മടങ്ങി. പിന്നീട് ജയ്‌സ്വാള്‍ - റിയാന്‍ പരാഗ് (20) സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. വൈകാതെ പരാഗ് പവലിയനില്‍ തിരിച്ചെത്തി. ഗസര്‍ഫാറിന്റെ രണ്ടാം വിക്കറ്റായിരുന്നത്.

പുറത്താവാതെ നിന്ന ജയ്‌സ്വാള്‍ നാല് സിക്‌സും 10 ഫോറുമാണ് നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (6) ജയ്‌സ്വാളിനൊപ്പം പുറത്താവാതെ നിന്നു. രാജസ്ഥാന് നഷ്ടമായ മൂന്ന് വിക്കറ്റുകളില്‍ രണ്ടും വീഴ്ത്തിയത് അല്ലാ ഗസന്‍ഫാറാണ്. മുംബൈ നിരയില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ബുമ്ര 32 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ദീപക് ചാഹര്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഒരോവില്‍ 22 റണ്‍സ് വീതം വഴങ്ങി. ആദ്യ 3.2 ഓവറുകളിലാണ് പവര്‍ പ്ലേ നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ, മുംബൈ നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചു. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങിയത്.

YouTube video player