ഐപിഎല്ലില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ടിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും സേവനം ലഭിക്കില്ല.

ജയ്പൂര്‍: ഐപിഎല്ലില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്, വിദേശ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഈ സീസണില്‍ ടീമിനൊപ്പമുണ്ടാവില്ല. രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. 12 മത്സരങ്ങളില്‍ മൂന്ന് ജയവും ഒന്‍പത് പരാജയവും ഉള്‍പ്പെടെ ആറ് പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. എങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാജസ്ഥാന്‍. 

എന്നാല്‍ ഇരുവരുടേയും തിരിച്ചുപോക്ക് രാജസ്ഥാന് തിരിച്ചടിയായി. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ ലഭിച്ച ഇടവേളയിലാണ് ബോണ്ട് ഇരുവരും ഇന്ത്യ വിട്ടത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് മാത്രമായി ബോണ്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. അതേസമയം, ഹെറ്റ്‌മെയര്‍ക്ക് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്. വിജയിക്കാവുന്ന മത്സരത്തില്‍ പോലും ഹെറ്റ്‌മെയര്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. 

ജോസ് ബട്‌ലറെ വിട്ടുകളഞ്ഞാണ് രാജസ്ഥാന്‍ ഹെറ്റിയെ നിലനിര്‍ത്തിയിരുന്നത്. മാനേജ്മെന്റ് വലിയ പ്രതീക്ഷയര്‍പ്പിച്ച് ടീമിലെടുത്ത താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇത്തവണ രാജസ്ഥാന് ടൂര്‍ണമെന്റില്‍ വലിയ തിരിച്ചടിയുണ്ടാവാന്‍ കാരണമായത്. അതേസമയം, ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ മുന്‍നിര ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ജോസ് ബട്ട്‌ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), വില്‍ ജാക്ക്സ് (മുംബൈ ഇന്ത്യന്‍സ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു) എന്നീ താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയിരുന്നു. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. ഐപിഎല്ലില്‍ പ്ലേ ഓഫ് നടക്കുന്ന സമയത്തുതന്നെയായിരിക്കും വിന്‍ഡീസ് പരമ്പരയും.

നാട്ടിലേക്ക് മടങ്ങിയിരിക്കുന്ന താരങ്ങള്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ എത്തിച്ചേര്‍ന്നേക്കും. എന്നാല്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി ആവശ്യമായി വരും.