2020ല്‍ മുംബൈയെ കിരീടത്തിലേക്ക് നയിക്കന്നതില്‍ പ്രധാന പങ്കുവഹിച്ച ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താന്‍ മുംബൈക്കായില്ല. ബോള്‍ട്ടിനെ ടീമില്‍ നിലനിര്‍ത്തമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ.

മുംബൈ: ഐപിഎല്‍ (IPL 2022) മെഗാതാരലേലത്തിന് മുമ്പ് രോഹിത് ശര്‍മ (Rohit Sharma), ജസ്പ്രിത് ബുമ്ര (Jasprit Bumrah), സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. പിന്നീട് ലേലത്തില്‍ 15.25 കോടിക്ക് യുവതാരം ഇഷാന്‍ കിഷനേയും ടീമിലെത്തിച്ചു. എന്നാല്‍ 2020ല്‍ മുംബൈയെ കിരീടത്തിലേക്ക് നയിക്കന്നതില്‍ പ്രധാന പങ്കുവഹിച്ച ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താന്‍ മുംബൈക്കായില്ല. ബോള്‍ട്ടിനെ ടീമില്‍ നിലനിര്‍ത്തമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ.

ബുമ്രയ്ക്ക് പറ്റിയ കൂട്ടാളിയായിരുന്നു ബോള്‍ട്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാജ്കുമാര്‍ വിശദീകരിക്കുന്നതിങ്ങനെ... ''15-ാം സീസണില്‍ ബോള്‍ട്ടിനെ മുംബൈ മിസ് ചെയ്യുമെന്നതില്‍ സംശയമൊന്നുമില്ല. ബുമ്ര- ബോള്‍ട്ട് കൂട്ടുകെട്ട് നിരവധി മത്സരങ്ങളില്‍ മുംബൈയെ ജയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ബോള്‍ട്ടിനെ നിലനിര്‍ത്താനോ തിരികെ കൊണ്ടുവരാനെ അവര്‍ക്് സാധിച്ചില്ല. ബോള്‍ട്ടിനെ തിരിച്ചെത്തിക്കുമെന്ന് തന്നെയാണ് ഞാനും കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യത്തില്‍ മുംബൈക്ക് പിഴവ് പറ്റി.'' അദ്ദേഹം പറഞ്ഞു. 

ബോള്‍ട്ട് പോയെങ്കിലും മൂന്ന് ഇടങ്കയ്യന്‍ പേസര്‍മാര്‍ മുംബൈയുടെ നിരയിലുണ്ട്. ജയ്‌ദേവ് ഉനദ്കട്, തൈമല്‍ മില്‍സ്, ഡാനിയേല്‍ സാംസ് എന്നിവരാണ് ടീമിലെ ഇടങ്കയ്യന്‍മാര്‍. ഇതില്‍ ജയ്‌ദേവ് ടീമില്‍ ഇടം കണ്ടെത്തുമെന്നും രാജ്കുമാര്‍ വ്യക്തമാക്കി. ''ജയ്‌ദേവിന് വില അല്‍പം കൂടുതലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സൗരാഷ്ട്ര താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റു ഇടങ്കയ്യന്‍മാരെ ബാക്ക്അപ്പ് ബൗളര്‍മാരായി കണ്ടാല്‍ മതി.'' അദ്ദേഹം വിശദീകരിച്ചു. 

മധ്യനിരയില്‍ കീറണ്‍ പൊള്ളാര്‍ഡിന് ഉത്തരവാദിത്തം കൂടുമെന്നും അദ്ദേഹം പറഞ്ഞു. ''പാണ്ഡ്യ സഹോദരന്മാരുടെ അഭാവം പൊള്ളാര്‍ഡിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കും. മാത്രമല്ല, ഓള്‍റൗണ്ടര്‍മാരുടെ കുറവും മുംബൈയെ അലട്ടും. മധ്യനിരയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു താരം പൊള്ളാര്‍ഡാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ മുംബൈ കിരീടം നേടുമ്പോള്‍ ബോള്‍ട്ട് 15 മത്സരങ്ങളില്‍ 25 വിക്കറ്റാണ് വീഴ്ത്തിയത്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി മാന്‍ ഓഫ് ദ മാച്ചുമായി. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റാണ് വീഴ്ത്തിയത്.