കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തന്‍റെ ആദ്യ ട്രിപ്പിള്‍ ശതകവുമായി ബംഗാള്‍ താരം മനോജ് തിവാരി. എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ ഹൈദരാബാദിന് എതിരെയാണ് തിവാരി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്. 414 പന്തുകള്‍ നേരിട്ട താരം 30 ഫോറും അഞ്ച് സിക്‌സുകളും സഹിതം പുറത്താകാതെ 303* റണ്‍സെടുത്തു. മനോജ് തിവാരി ഒഴികെ മറ്റ് ബംഗാള്‍ താരങ്ങള്‍ക്ക് ആര്‍ക്കും 100 കടക്കാനായില്ല. ബംഗാള്‍ ഇന്നിംഗ്‌സിലെ 105-ാം ഓവറില്‍ രവി കിരണ്‍ തിവാരിയുടെ ക്യാച്ച് നിലത്തിട്ടിരുന്നു.  

രഞ്ജി ട്രോഫിയില്‍ 21 വര്‍ഷത്തിനിടെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ബംഗാള്‍ താരമാണ് മനോജ് തിവാരി. 1998ലായിരുന്നു ഇതിന് മുന്‍പ് ഒരു ബംഗാള്‍ താരം മുന്നൂറ് തികച്ചത്. അന്ന് അസമിനെതിരെ ഇന്ത്യന്‍ മുന്‍ താരമായ ദേവാംഗ് ഗാന്ധി 323 റണ്‍സെടുത്തിരുന്നു. തിവാരിയുടെ കരുത്തില്‍ കല്യാണിയില്‍ ബംഗാള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 635/7 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒരവസരത്തില്‍ മൂന്ന് വിക്കറ്റിന് 60 റണ്‍സെന്ന നിലയിലായിരുന്ന ബംഗാളാണ് തിവാരിക്കരുത്തില്‍ തിരിച്ചടിച്ചത്. 

'വയസ് ഒരു നമ്പര്‍ മാത്രം'; തിരിച്ചുവരവിന്‍റെ സൂചനയോ?

'ആത്മവിശ്വാസമാണ് തന്‍റെ കരുത്ത്. വയസ് ഒരു നമ്പര്‍ മാത്രമാണ്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യം പറയുക ബുദ്ധിമുട്ടാണ്. ഒന്നും ഞാനല്ല തീരുമാനിക്കുന്നത്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ലധികം ശരാശരിയില്‍ 8000ത്തിലേറെ റണ്‍സ് നേടിയ താരത്തിന്‍റെ സ്ഥിരതയും മികവും കാണണം. എന്‍റെ കഴിവിലും കഠിനപ്രയത്നത്തിലും ആത്മവിശ്വാസമുണ്ട്. റണ്‍സ് കണ്ടെത്തുകയും ടീമിനെ ജയിപ്പിക്കുകയുമാണ് തന്‍റെ ചുമതല' എന്നും മുപ്പത്തിനാലുകാരനായ മനോജ് തിവാരി പറഞ്ഞു. 

ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ടി20കളും കളിച്ചിട്ടുണ്ട് മനോജ് തിവാരി. 2008 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച താരം 2015ലാണ് അവസാനമായി കളിച്ചത്. 2011ല്‍ ആദ്യ ടി20 കളിച്ചപ്പോള്‍ ഒരു വര്‍ഷം മാത്രമാണ് ടീമില്‍ ഇടംകിട്ടിയത്.