രണ്ടാം വിക്കറ്റില്‍ ശ്രമണ്‍ നിഗ്‌രോധും ആയുഷ് ലോഹാറുകയും ചേര്‍ന്ന് ബിഹാറിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും ആയുഷിനെ പുറത്താക്കിയ ആദിത്യ സര്‍വാതെയാണ് ബിഹാറിന്‍റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബിഹാറിന് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 351 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബിഹാര്‍ ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 50 റൺസെന്ന പരിതാപകരമായ നിലയിലാണ്. നാലു റണ്‍സുമായി ഹര്‍ഷ് വിക്രം സിംഗും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ വീര്‍ പ്രതാപ് സിംഗും ക്രീസില്‍. കേരളത്തിനായി ജലജ് സക്നേ മൂന്ന് വിക്കറ്റെടുത്തു. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബിഹാറിന് ഇനിയും 102 റണ്‍സ് കൂടി വേണം.
കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ബിഹാറിന് ആറാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആറ് റണ്‍സെടുത്ത മംഗള്‍ മഹ്റോറിനെ വൈശാഖ് ചന്ദ്രന്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ ശ്രമണ്‍ നിഗ്‌രോധും ആയുഷ് ലോഹാറുകയും ചേര്‍ന്ന് ബിഹാറിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും ആയുഷിനെ പുറത്താക്കിയ ആദിത്യ സര്‍വാതെയാണ് ബിഹാറിന്‍റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടത്. സ്കോര്‍ 40ല്‍ നില്‍ക്കെ ആയുഷ് ലോഹാറുകയെ(13) വീഴ്ത്തിയ ജലജ് സക്സേന തൊട്ടുപിന്നാലെ ശ്രമണ്‍ നിഗ്‌രോധിനെ(21)യും പുറത്താക്കി ബിഹാറിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
രഞ്ജി ട്രോഫി: സല്‍മാന്‍ നിസാറിന്‍റെ ഒറ്റയാള്‍ പോരാട്ടം, ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോര്‍
സക്കീബുള്‍ ഗാനിയെകൂടി തന്‍റെ തൊട്ടടുത്ത ഓവറില്‍ പുറത്താക്കിയ ജലജ് സക്നസേന ബിഹാറിനെ കൂട്ടത്തകര്‍ച്ചയിലാക്കി. സച്ചിന്‍ കുമാര്‍ സിംഗിനെ പുറത്താക്കിയ എം ഡി നിധീഷ് ബിഹാറിന്‍റെ തകര്‍ച്ചയുടെ വേഗം കൂട്ടി. കേരളത്തിനായി ജലജ് സക്സേന അഞ്ചോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വൈശാഖ് ചന്ദ്രനും ആദിത്യ സര്‍വാതെയും എം ഡി നിധീഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിനായി സല്‍മാന്‍ നിസാര്‍ 150 റണ്‍സടിച്ച് പുറത്തായപ്പോള്‍ അഞ്ച് റണ്‍സുമായി വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. ആദ്യ ദിനം 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കേരളത്തെ 350 കടത്തി.
