ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിൻ്റെ മോശം പ്രകടനത്തിന് കാരണം ലേല തന്ത്രങ്ങളിലെ പിഴവാണെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജു സാംസണെപ്പോലുള്ള താരങ്ങളെ പ്രശംസിച്ച അശ്വിന്‍, പരിക്കുകളും തെറ്റായ ബാറ്റിംഗ് ഓർഡറുകളും ടീമിന് തിരിച്ചടിയായെന്നും വിലയിരുത്തി. 

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ എട്ടാം സ്ഥാനത്തായിപ്പോയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വരും സീസണുകളില്‍ ലേല തന്ത്രങ്ങള്‍ പൊളിച്ചെഴുതേണ്ടി വരുമെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. സീസണില്‍ ഉടനീളം മോശം ഫോമിലായിരുന്ന സിഎസ്‌കെ 16 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെയാണ് കളി അവസാനിപ്പിച്ചത്. മത്സരമധ്യേ സഞ്ജു സാംസണ്‍ അടക്കമുള്ള ചില താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ടീമിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടീമിന്റെ പ്രകടനത്തെയും ലേല തന്ത്രങ്ങളെയും വിലയിരുത്തി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അശ്വിന്‍. സഞ്ജു സാംസണ്‍, അകീല്‍ ഹൊസൈന്‍, അന്‍ഷുല്‍ കംബോജ് എന്നിവരുടെ ശ്രമങ്ങളെ അശ്വിന്‍ പ്രശംസിച്ചു. ''സിഎസ്‌കെ തങ്ങളുടെ ലേല തന്ത്രങ്ങള്‍ മാറ്റിയെഴുതേണ്ടതുണ്ട്. വെങ്കിടേഷ് അയ്യര്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ 7 കോടി രൂപയ്ക്ക് വീതം ടീമിലെത്തിച്ച രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ എത്തിയത്. 14 കോടി രൂപ നല്‍കി ഒരു കളിക്കാരനെ വാങ്ങുന്നതിന് പകരം, യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇത്തരം താരങ്ങളെയായിരുന്നു ചെന്നൈ ലക്ഷ്യമിടേണ്ടിയിരുന്നത്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ഒപ്പം താരങ്ങളുടെ റോളുകളില്‍ വ്യക്തതക്കുറവും ഉണ്ടായിരുന്നു.'' അശ്വിന്‍ പറഞ്ഞു.

സീസണിനിടയില്‍ താരങ്ങള്‍ക്കേറ്റ പരിക്കുകളും തെറ്റായ ബാറ്റിങ് ഓര്‍ഡറുകളും തിരിച്ചടിയായെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ഫിനിഷര്‍മാരായി ഇറക്കിയ മാനേജ്മെന്റ് തീരുമാനം പാളിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിക്കുകള്‍ കാരണം 44കാരനായ എം എസ് ധോണിക്ക് ഈ സീസണിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കളിക്കളത്തില്‍ ഇറങ്ങിയില്ലെങ്കിലും ടീമില്‍ ധോണിയുടെ സ്വാധീനം വളരെ വലുതായിരുന്നുവെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുവതാരങ്ങളെ വഴിനയിക്കുന്നതിലും ടീമിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതിലും ധോണി നിര്‍ണായക പങ്കുവഹിച്ചുവെന്നും, അദ്ദേഹം എപ്പോഴും ടീമിനൊപ്പം ഉണ്ടായിരുന്നുവെന്നും ഫ്‌ലെമിംഗ് വ്യക്തമാക്കി.

YouTube video player