ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 92 റൺസിന്റെ തകർപ്പൻ ജയത്തോടെ ആര്‍സിബി ഐപിഎല്‍ ഫൈനലിൽ പ്രവേശിച്ചു. വെറും 33 പന്തിൽ 93 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രജത് പടിധാർ, 'ഞങ്ങൾ നിങ്ങൾക്കായി വരുന്നുണ്ട്' എന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.

ധരംശാല: കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. 92 റണ്‍സിന്റെ ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഗുജറാത്തിനെ തറപറ്റിച്ച ശേഷമുള്ള ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാറിന്റെ വാക്കുകള്‍ എതിരാളികള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു. 'ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നുണ്ട്' എന്നാണ് അദ്ദേഹം മത്സരശേഷം പറഞ്ഞത്. പരിക്കില്‍ നിന്ന് അടുത്തിടെ മാത്രം മോചിതനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ പടിധാര്‍ ഐപിഎല്‍ പ്ലേ-ഓഫ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെറും 33 പന്തുകളില്‍ നിന്ന് പുറത്താകാതെ 93 റണ്‍സ് അടിച്ചുകൂട്ടിയ പടിധാറിന്റെ മികവില്‍ ആര്‍സിബി നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. മത്സരത്തിന്റെ അവസാന അഞ്ച് ഓവറുകളിലാണ് പടിധാറും സംഘവും തകര്‍ത്താടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിന് ആര്‍സിബി ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 162 റണ്‍സിന് ഗുജറാത്ത് പൂര്‍ണ്ണമായും പുറത്തായി.

മത്സരശേഷം സംസാരിച്ച ആര്‍സിബി ക്യാപ്റ്റന്‍ ഇതൊരു ആധികാരിക ജയമാണെന്ന് വ്യക്തമാക്കി... ''ഞങ്ങള്‍ക്ക് ഇതൊരു സൂപ്പര്‍ മത്സരമായിരുന്നു. പ്രത്യേകിച്ച് ബാറ്റര്‍മാര്‍ കാണിച്ച ആക്രമണോത്സുകത ടീമിന് ഏറെ ഗുണം ചെയ്തു. 'ഞങ്ങള്‍ നിങ്ങളെ വീഴ്ത്താന്‍ വരികയാണ്' എന്ന തരത്തിലുള്ള ഒരു ബോഡി ലാംഗ്വേജ് നമ്മള്‍ കളിക്കളത്തില്‍ കാണിക്കേണ്ടതുണ്ട്. അത് എല്ലാ ബാറ്റര്‍മാരിലും ഉണ്ടായിരുന്നു. മത്സരത്തിന് മുന്‍പുള്ള മീറ്റിംഗില്‍ പോസിറ്റീവ് ബോഡി ലാംഗ്വേജ് നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.'' പാടിധാര്‍ വ്യക്തമാക്കി.

തുടക്കത്തില്‍ പിച്ച് അല്‍പ്പം മന്ദഗതിയിലായിരുന്നതിനാല്‍ നിലയുറപ്പിക്കാന്‍ സമയം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''തുടക്കത്തില്‍ പിച്ച് എങ്ങനെയുണ്ടെന്നും ബൗളര്‍മാര്‍ എങ്ങനെയാണ് പന്തെറിയുന്നതെന്നും മനസ്സിലാക്കാന്‍ ഞാന്‍ എട്ട് മുതല്‍ പത്ത് പന്തുകള്‍ വരെ എടുക്കാറുണ്ട്. അതിനുശേഷം എനിക്ക് വ്യക്തമായ ഒരു പ്ലാന്‍ ലഭിക്കും. പിന്നീട് വിക്കറ്റ് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല, പകരം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കാറുള്ളത്.' പടിധാര്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player