ബൗളിംഗ് മികവ് മുൻനിർത്തി, ഭുവനേശ്വറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളായ രവി ശാസ്ത്രി, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ലക്നൗ: ഇന്ത്യൻ ടീമിൽ വീണ്ടും പന്തെറിയാൻ താൻ പൂർണ സജ്ജനാണെന്ന് വെളിപ്പെടുത്തി വെറ്ററൻ പേസര്‍ ഭുവനേശ്വർ കുമാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് ഭുവനേശ്വറിനെ തിരികെ വിളിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഭുവിയുടെ പ്രതികരണം. കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മിന്നുന്ന പ്രകടനമാണ് 36-കാരനായ ഭുവനേശ്വർ കാഴ്ചവെച്ചത്. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തിയ താരം, ആർസിബിയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചു.
ബൗളിംഗ് മികവ് മുൻനിർത്തി, ഭുവനേശ്വറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളായ രവി ശാസ്ത്രി, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിലവിൽ യുപി ടി20 ലീഗിൽ ലക്നൗ ഫാൽക്കൺസിനായി കളിക്കുന്ന ഭുവനേശ്വർ കുമാർ വാർത്താ ഏജൻസിയോട് പ്രതികരിക്കവെയാണ് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് വ്യക്തമാക്കിയത്:
ഏത് ടീമിനായി ഗ്രൗണ്ടിലിറങ്ങിയാലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ദേശീയ ടീമിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടർമാരാണ്. എന്നാൽ ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാൻ ഞാൻ പൂർണ സജ്ജനാണെന്നും ഭുവനേശ്വർ പറഞ്ഞു. പവർപ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ വിശ്വസ്തനായ ഭുവനേശ്വർ കുമാർ 2022 ജനുവരിയിലാണ് ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര ഏകദിനം കളിച്ചത്.
ഇന്ത്യക്കായി കളിച്ച 121 ഏകദിനങ്ങളിൽ 141 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. 42 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കൂടാതെ 21 ടെസ്റ്റുകളിൽ നിന്ന് 63 വിക്കറ്റും, 87 ടി20 മത്സരങ്ങളിൽ നിന്ന് 90 വിക്കറ്റും ഈ സ്വിംഗ് മാന്ത്രികൻ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ ഉജ്ജ്വല ഫോം മുൻനിർത്തി സെലക്ടർമാർ താരത്തെ വീണ്ടും നീലക്കുപ്പായത്തിലേക്ക് പരിഗണിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
