ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ ബാഴ്‌സയില്‍ നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.  

മാഡ്രിഡ്: ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ ബാഴ്‌സയില്‍ നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകള്‍ക്കും 30 മത്സരങ്ങളില്‍ നിന്ന് 65 പോയന്റാണുള്ളത്. എന്നാല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ റയലിനായിരുന്നു മൂന്‍തൂക്കം.

ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും കരീം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോള്‍. ഒരു പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് റാമോസ് ആണ് റയലിനെ മുന്നില്‍ എത്തിച്ചത്. പിന്നാലെ 70ാം മിനുട്ടില്‍ ബെന്‍സേമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഇതിനിടയില്‍ സോസിഡാഡ് നേടിയ ഒരു ഗോള്‍ വാര്‍ ഓഫ്‌സൈഡ് വിധിച്ചത് വിവാദമായി. പിന്നീട് മെറീനോ സോസിഡാഡിന് വേണ്ടി ഗോള്‍ നേടി എങ്കിലും പരാജയം ഒഴിവായില്ല.