ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം റീസ് ഹെന്‍ഡ്രിക്‌സിനെ തിരികെ വിളിച്ചു. തെംബ ബവൂമ, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഹെന്‍ഡ്രിക്‌സിനെ ഉള്‍പ്പെടുത്തിയത്. മൂന്ന് ടി20കളുടെ പരമ്പരയില്‍ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഇന്നാണ് പരമ്പരയിലെ രണ്ടാം മത്സരം.

എന്നാല്‍ ക്ലാസനും ബവൂമയും ടീമിനൊപ്പം തുടരുന്നുണ്ട്. ഹെന്‍ഡ്രിക്‌സ് ആവട്ടെ രണ്ടാം ടി20യ്ക്ക് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തിനിടെയാണ് ബവൂമയ്ക്ക് പരിക്കേറ്റത്. പേശിവലിവ് കാരണം ബവൂമ ഗ്രൗണ്ട് വിടുകയായിരുന്നു. 

ആദ്യ ടി20യില്‍ 107 റണ്‍സിനായിരുന്ന ഓസ്‌ട്രേലിയയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 14.3 ഓവറില്‍ 89ന് എല്ലാവരും പുറത്തായി.