വാംഖഡെയിലെ റെക്കോർഡും സഞ്ജുവിന് അനുകൂലമാണ്. ഇവിടെ മുംബൈയ്ക്കെതിരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 30.75 ശരാശരിയിൽ 246 റൺസ് സഞ്ജു നേടിയിട്ടുണ്ട്.
മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണും ജസ്പ്രീത് ബുംറയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ സഞ്ജു ഷോ കാണാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജുവിന്‍റെ ഇതുവരെയുള്ള പ്രകടനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മുംബൈക്കെതിരെ ഇതുവരെ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 601 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മുംബൈക്കെതിരെ 28.61 ശരാശരിയുള്ള സഞ്ജുവിന് 140-ന് മുകളിൽ പ്രഹരശേഷിയുമുണ്ട്. മുംബൈക്കെതിരെ 5 അർധസെഞ്ച്വറികളാണ് സഞ്ജു നേടിയിട്ടുള്ളത്. 76 റൺസാണ് ഉയർന്ന സ്കോർ.
വാംഖഡെയിലെ റെക്കോർഡും സഞ്ജുവിന് അനുകൂലമാണ്. ഇവിടെ മുംബൈയ്ക്കെതിരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 30.75 ശരാശരിയിൽ 246 റൺസ് സഞ്ജു നേടിയിട്ടുണ്ട്. മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഐപിഎൽ കരിയറിൽ പുതിയ നാഴികക്കല്ലുകളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
183 മത്സരങ്ങളിൽ നിന്ന് 4,896 റൺസ് നേടിയിട്ടുള്ള സഞ്ജുവിന് മുംബൈക്കെതിരെ 104 റൺസ് കൂടി നേടാനായാൽ 5000 റൺസ് ക്ലബ്ബിലെത്താനാവും. ഐപിഎല്ലിൽ 4 സെഞ്ച്വറികളും 26 അര്‍ധസെഞ്ചുറികളുമാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 400 ഫോറുകളും 228 സിക്സറുകളും പറത്തിയ സഞ്ജു ലീഗിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിൽ ഒരാളാണ്.
ഈ സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 192 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. നിലവിൽ ടോപ്പ് 20 പട്ടികയ്ക്ക് തൊട്ടുപുറത്തുള്ള സഞ്ജുവിന് ഇന്ന് ഒരു വലിയ ഇന്നിംഗ്സ് കളിക്കാനായാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ടോപ് 5ലേക്ക് തിരിച്ചെത്താൻ കഴിയും. രണ്ട് മാസം മുമ്പ് വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത് തിളങ്ങിയതും സഞ്ജുവിന് ആത്മവിശ്വാസം നല്‍കും.
