ഇത്തവണ ഉറപ്പ്, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് ഓസീസ് ജയിക്കും! പ്രവചനം നടത്തി റിക്കി പോണ്ടിംഗ്
ഇത്തവണത്തെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ തോല്‍വികള്‍ക്കെല്ലാം ഓസ്‌ട്രേലിയ പകരം വീട്ടുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.
സിഡ്‌നി: ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ജേതാക്കളാവുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സമീപകാലത്തെ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള കരുത്ത് ഓസ്‌ട്രേലിയന്‍ ടീം വീണ്ടെടുത്തുവെന്നും പോണ്ടിംഗ് പറഞ്ഞു. സ്വന്തം നാട്ടില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി കൈവശം വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അവസാനം കളിച്ച രണ്ട് പരമ്പരയിലും ഇന്ത്യ ജേതാക്കളായി. കളി ഇന്ത്യയിലേക്ക് എത്തിയപ്പോഴും കാര്യങ്ങളില്‍ മാറ്റം ഉണ്ടായില്ല.
ഇത്തവണത്തെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ തോല്‍വികള്‍ക്കെല്ലാം ഓസ്‌ട്രേലിയ പകരം വീട്ടുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ''ഇന്ത്യ ശക്തരായ എതിരാളികളാണ്. ഇത്തവണയും ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്. എങ്കിലും കഴിഞ്ഞ രണ്ടുതവണത്തെ പോലെ ആയിരിക്കില്ല ഇത്തവണ കാര്യങ്ങള്‍. ഇന്ത്യയെ വീഴ്ത്താനുള്ള മികവ് പാറ്റ് കമ്മിന്‍സിനും സംഘത്തിനുമുണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 3-1ന് ജയിക്കുമെന്നും പോണ്ടിംഗിന്റെ പ്രവചനം. 2018-19ലും 2020-21ലും ഓസ്‌ട്രേലിയയില്‍ 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.
2014-15ന് ശേഷം ഓസീസിന് ഇന്ത്യയില്‍ പരമ്പര നേടാനുമായിട്ടില്ല. നവംബര്‍ 22ന് പെര്‍ത്തിലാണ് ഇത്തവണ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡലെയ്ഡില്‍ രണ്ടാം ടെസ്റ്റ്. ബ്രിസ്‌ബെയ്‌നില്‍ ഡിസബര്‍ 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റും മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ നാലാം ടെസ്റ്റും സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ അവസാന ടെസ്റ്റും നടക്കും.
ഇന്ത്യ പരമ്പര നേടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം വസീം ജാഫര്‍ പറഞ്ഞിരുന്നു. ജാഫറിന്റെ വാക്കുകള്‍... ''ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. ഹാട്രിക് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മാത്രമല്ല അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇടങ്കയ്യാന്‍ അര്‍ഷ്ദീപിന് തിളങ്ങാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മായങ്കിന്റെ പേസ് ഓസ്ട്രേലിയയെ വിറപ്പിക്കും.'' ജാഫര്‍ പറഞ്ഞു.