മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ മുംബൈയില്‍ നടക്കാനിരിക്കെ പരമ്പര വിജയികളെ പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഓസ്ട്രേലിയ 2-1ന് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനുള്ള തയാറെടുപ്പിലായിരിക്കും ഇന്ത്യയെന്ന് പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഇത്തവണയും ഓസ്ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു. ട്വിറ്ററില്‍ ചോദ്യോത്തര വേളയിലായിരുന്നു പോണ്ടിംഗിന്റെ പ്രതികരണം.

ടെസ്റ്റില്‍ തിളങ്ങിയ മാര്‍നസ് ലാബുഷെയ്ന്‍ ഏകദിനത്തിലും മികവ് കാട്ടുമെന്നും പോണ്ടിംഗ് പറഞ്ഞു. മധ്യനിരയില്‍ ലാബുഷെയ്ന്‍ കരുത്തുകാട്ടുമെന്ന് എനിക്കുറപ്പുണ്ട്. സ്പിന്നിനെതിരെ മികച്ച കളി പുറത്തെടുക്കുന്ന ലാബുഷെയ്ന്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലും മികവ് കാട്ടുന്നുണ്ട്. മികച്ച ഫീല്‍ഡര്‍ കൂടിയായ ലാബുഷെയ്നെ ലെഗ് സ്പിന്നറായും ഉപയോഗിക്കാമെന്നത് അധിക ആനുകൂല്യമാണെന്നും പോണ്ടിംഗ് പറഞ്ഞു.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരം നാളെ മുംബൈയില്‍ നടക്കും. 17ന് രാജ്കോട്ടിലും 19ന് ബംഗലൂരുവിലുാണ് മറ്റ് രണ്ട് മത്സരങ്ങള്‍.