രോഹിത്തിന് വിശ്രമം അനുവദിക്കുന്നതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയും നിലനിര്‍ത്താനിടയുണ്ട്. ഇവരിലൊരാള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് സൂചന. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമ്പോള്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ മുഹമ്മദ് ഷമിയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കും.

രോഹിത്തിന് വിശ്രമം അനുവദിക്കുന്നതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയും നിലനിര്‍ത്താനിടയുണ്ട്. ഇവരിലൊരാള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്താത്ത സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മ ടീമിലെത്താനാണ് സാധ്യത.

ഇഷാന്‍ കിഷന്‍ കീപ്പറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച ജിതേഷ് ശര്‍മയാകും സഞ്ജു സാംസണെ മറികടന്ന് ടീമിലെത്തുക എന്നാണ് കരുതുന്നത്. ഈ വര്‍ഷം കളിച്ച ആറ് ടി20 മത്സരങ്ങളില്‍ 64 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്‍ നേടിയത്.

ഏകദിന ലോകകപ്പ് ടീം പ്രഖ്യാനത്തിനുള്ള അവസാന തീയതിയായി; റിഷഭ് പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് അഗ്നിപരീക്ഷ

സഞ്ജുവിനെ ഏകദിന ടീമിലേക്കാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് റിഷഭ് പന്തിന് ടീമില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്നാല്‍ കെ എല്‍ രാഹുലിനൊപ്പം സഞ്ജുവിനെയും ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നാണ് അറിയുന്നത്.

അടുത്ത മാസം 12ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കും 27ന് തുടങ്ങുന്ന ഏകദിന പരമ്പരക്കും ശേഷം ഓഗസ്റ്റ് അ‍ഞ്ച് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങുക. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്ക് അമേരിക്കയാണ് വേദിയാവുന്നത്.