ബംഗളൂരു: ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നാല് റണ്‍സ് നേടിയപ്പോഴാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയാണ് ഹിറ്റ്മാന്‍ മറികടന്നത്. സെഞ്ചുറിയുമായി (103) ഇപ്പോഴും ക്രീസിലുണ്ട് രോഹിത്. 

ചിന്നസ്വാമിയിലെ മത്സരത്തിന് മുമ്പ് 216 ഇന്നിങ്‌സില്‍ നിന്നും 8996 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 228 ഇന്നിങ്‌സുകളിലാണ് ഗാംഗുലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരാണ് ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. 

പോരാത്തതിന് ഇന്ന് സെഞ്ചുറിയും രോഹിത് സ്വന്തമാക്കി. താരത്തിന്റെ 29ാം ഏകദിന സെഞ്ചുറിയാണിത്. 113 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. മൂന്നാം ഏകദിനത്തില്‍ ഒടുവില്‍ വിവരം ലഭിക്കമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 162 റണ്‍സെടുത്തിട്ടുണ്ട്. 125 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ക്യാപ്റ്റന്‍ വിരാട് കോലിയാണ് (33) കൂട്ട്. 19 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്.