മികവുള്ള കളിക്കാര്‍ മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ അവരെ പിന്തുണക്കുകയും ആവശ്യമായ സമയം നല്‍കുകയും ചെയ്യുക എന്നതാണ് ടീം മാനേജ്മെന്‍റിന്‍റെ രീതി. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുന്നതോ വൈസ് ക്യാപ്റ്റന്‍ അല്ലാതിരിക്കുന്നതോ തമ്മില്‍ ഒരു വ്യത്യാസവുമില്ല.

ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതോടെ കെ എല്‍ രാഹുലിനെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുളള ടീമില്‍ നിന്നൊഴിവാക്കണമെന്ന വാദം ശക്തമായിരിക്കെയാണ് സെലക്ടര്‍മാര്‍ അവസാന രണ്ട് ടെസ്റ്റുകളിലും രാഹുലിനെ നിലനിര്‍ത്തി ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റനായിരുന്നു രാഹുല്‍ എങ്കില്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി. പകരം ആരെയും തെരഞ്ഞെടുത്തതുമില്ല. മൂന്നാം ടെസ്റ്റില്‍ രാഹുലിനെ ഒഴിവാക്കി ഓപ്പണര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കാനുള്ള നീക്കമാണിതെന്ന് മുന്‍ താരങ്ങള്‍ അടക്കം വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണമായിരുന്നു ശ്രദ്ധേയം. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത് എന്തിന്‍റെയെങ്കിലും സൂചനയാണോ എന്ന ചോദ്യത്തിനായിരുന്നു രോഹിത് പ്രതികരിച്ചത്. രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത് ഒന്നിന്‍റെയും സൂചനയല്ലെന്നും കഴിവുള്ള കളിക്കാരെ പിന്തുണക്കുന്ന മാനേജ്മെന്‍റ് തുടരുമെന്നും രോഹിത് പറഞ്ഞു.

മികവുള്ള കളിക്കാര്‍ മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ അവരെ പിന്തുണക്കുകയും ആവശ്യമായ സമയം നല്‍കുകയും ചെയ്യുക എന്നതാണ് ടീം മാനേജ്മെന്‍റിന്‍റെ രീതി. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുന്നതോ വൈസ് ക്യാപ്റ്റന്‍ അല്ലാതിരിക്കുന്നതോ തമ്മില്‍ ഒരു വ്യത്യാസവുമില്ല. ടീമിലെ സീനിയര്‍ താരം എന്ന നിലയിലാണ് രാഹുല്‍ വൈസ് ക്യാപ്റ്റനായത്. ആ സ്ഥാനത്തു നിന്ന് ഒഴിവാക്കി എന്നതുകൊണ്ട് ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും രോഹിത് വിശദീകരിച്ചു.

നാളെ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ കളിക്കുമോ എന്ന ചോദ്യത്തിന് അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന് നാളെ ടോസ് സമയത്തെ തീരുമാനമാകൂ എന്നും രാഹുലും ഗില്ലും എല്ലാം പതിവുപോലെ പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും രോഹിത് പറഞ്ഞു.