പഞ്ചാബ് കിംഗ്‌സിനെതിരായ നിര്‍ണായക ഐപിഎല്‍ മത്സരത്തിന് മുമ്പ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നു. 

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി നായകന്‍ രോഹിത് ശര്‍മ്മയുടെ പരിക്ക് മുംബൈ ഇന്ത്യന്‍സിന് തലവേദനയാകുന്നു. മത്സരദിവസം മാത്രമേ രോഹിത് കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ റണ്‍ ചേസിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ആറാം ഓവറില്‍ ഫിസിയോയുടെ സഹായം തേടിയ താരം, ഒരു പന്ത് കൂടി നേരിട്ട ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി കളം വിടുകയായിരുന്നു. രോഹിത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാന്‍ സ്‌കാനിംഗിന് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മാനേജ്മെന്റിന്റെ വിശദീകരണം

മെഡിക്കല്‍ സംഘവും കോച്ചിംഗ് സ്റ്റാഫും രോഹിത്തിന്റെ ആരോഗ്യനില വിലയിരുത്തി വരികയാണെന്ന് മുംബൈ ഇന്ത്യന്‍സ് പ്രതിനിധി അറിയിച്ചു. അതേസമയം, വില്‍ ജാക്‌സ് ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടുണ്ട്. രോഹിത് ശര്‍മ്മയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് മുംബൈയ്ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. ക്വിന്റണ്‍ ഡി കോക്ക് - റയാന്‍ റിക്കിള്‍ട്ടണ്‍ സഖ്യത്തെ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെങ്കിലും വിദേശ താരങ്ങളുടെ ക്വാട്ടയില്‍ മാറ്റം വരുത്തേണ്ടി വരും.

ഏത് റോളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് യുവതാരം നമന്‍ ധിര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ഐപിഎല്ലില്‍ ഓപ്പണറായിട്ടില്ലെങ്കിലും ടീം ആവശ്യപ്പെട്ടാല്‍ ആ റോള്‍ ചെയ്യാന്‍ താന്‍ സജ്ജനാണെന്ന് താരം പറഞ്ഞു. മുംബൈയ്ക്കായി മുന്‍പ് 12 മത്സരങ്ങളില്‍ ഓപ്പണറായിട്ടുള്ള സൂര്യകുമാര്‍, റിക്കിള്‍ട്ടണൊപ്പം ഇന്നിംഗ്‌സ് തുടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നിലവില്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ഈ സീസണിലെ തോല്‍വികളുടെ പരമ്പര അവസാനിപ്പിക്കാന്‍ ഈ വിജയം അനിവാര്യമാണ്. ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി 137 റണ്‍സാണ് രോഹിത് ശര്‍മ്മ ഇതുവരെ നേടിയിട്ടുള്ളത്.

YouTube video player