ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് ശുഭവാര്‍ത്തയുമായി ബിസിസിഐ.  രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ശിഖര്‍ ധവാനും ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മയും അതിവേഗം സുഖം പ്രാപിക്കുന്നതായി ബിസിസിഐ വ്യക്തമാക്കി. ഇരുവരും നിര്‍ണായക മൂന്നാം മത്സരത്തില്‍ കളിക്കുന്നകാര്യം മത്സര ദിവസമായ നാളെ മാത്രമെ തീരുമാനിക്കാനാവു എന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രോഹിത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു. പരിക്കിനെക്കുറിച്ച് രോഹിത്തിനോട് ഞാന്‍ സംസാരിച്ചിരുന്നു. രോഹിത്തിന്റെ ഇടതുതോളിനാണ് പരിക്കേറ്റത്. നീര്‍വീക്കമില്ലാത്തതിനാല്‍ അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞിരുന്നു.

ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്റ് ഇടുപ്പില്‍ തട്ടിയാണ് ധവാന് പരിക്കേറ്റത്. 90 പന്തില്‍ 96 റണ്‍സെടുത്ത ധവാന്‍ ഫീല്‍ഡിംഗിന് ഇറങ്ങിയതുമില്ല. ഓസീസ് ഇന്നിംഗ്സിലെ 43-ാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമിത്തില്‍ ഡൈവ് ചെയ്തപ്പോഴാണ് രോഹിത്തിന്റെ തോളിന് പരിക്കേറ്റത്.