Asianet News MalayalamAsianet News Malayalam

SA vs IND : ചാഹറിന്റെ തകര്‍പ്പന്‍ സ്‌പെല്‍;  മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം

മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിന്റെ പന്തില്‍ ജന്നെമന്‍ മലാന്‍ (1) പുറത്ത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. അധികം വൈകാതെ തെംബ ബവൂമയും പവലിയനില്‍ മടങ്ങിയെത്തി.

SA vs IND South African top order collapsed against India in third ODI
Author
Cape Town, First Published Jan 23, 2022, 3:29 PM IST

കേപ്ടൗണ്‍: ഇന്ത്യക്കെതിരെ (Team India) മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് (South Africa) മോശം തുടക്കം. കേപ്ടൗണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 86 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ആതിഥേയരെ പ്രതിസന്ധിയിലാക്കിയത്. ക്വിന്റണ്‍ ഡി കോക്ക് (45), റാസി വാന്‍ ഡര്‍ ഡസ്സന്‍ (15) എന്നിവരാണ് ക്രീസില്‍. 

മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിന്റെ പന്തില്‍ ജന്നെമന്‍ മലാന്‍ (1) പുറത്ത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. അധികം വൈകാതെ തെംബ ബവൂമയും പവലിയനില്‍ മടങ്ങിയെത്തി. രാഹുലിന്റെ നേരിട്ടുള്ള ത്രോയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ചാഹറിന്റെ തന്നെ പന്തില്‍ റിതുരാജ് ഗെയ്കവാദിന് ക്യാച്ച് നല്‍കുകയായിരുന്നു. 

നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്തായി. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ടീമിലെത്തി. അദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.  ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചാഹര്‍.

ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.

Follow Us:
Download App:
  • android
  • ios