സിഡ്‌നി: ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ അക്കാലയളവിലാവട്ടെ ടീം ഇന്ത്യക്ക് തിളങ്ങാനും സാധിച്ചിരുന്നില്ല. പിന്നീട് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച സച്ചിന്‍ ബാറ്റിങ്ങില്‍ മാത്രമായി ശ്രദ്ധ. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകസ്ഥാനമൊന്നും ഏറ്റെടുത്തതുമില്ല. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് മെന്ററായി ജോലി ചെയ്തിരുന്നുവെന്നുള്ളതാണ് മറ്റൊരു സംഭവം. എന്നാലിപ്പോള്‍ പരീശീലകന്റെ വേഷമണിയാന്‍ പോവുകയാണ് സ്ച്ചിന്‍.

ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നടത്തുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനുള്ള ഒരു ടീമിന്റെ പരിശീലകനാണ് സച്ചിന്‍. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം  കോര്‍ട്‌നി വാല്‍ഷും സച്ചിനൊപ്പമുണ്ട്. സ്റ്റീവ് വോ, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരും പരിശീലകര്‍ക്കൊപ്പമുണ്ടാവും. 

റിക്കി പോണ്ടിംഗും ഷെയ്ന്‍ വോണുമാണ് ക്യാപ്റ്റന്‍മാര്‍. ആഡം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവര്‍ ഇരുടീമുകളിലായി കളിക്കും. ബിഗ് ബാഷ് ഫൈനലിന് മുന്നോടിയായി ഫെബ്രുവരി എട്ടിലാണ് ചാരിറ്റി മത്സരം നടത്തുക.