സിഡ്നി: അമ്പയര്‍മാരുടെ തുറന്നുപറച്ചിലുകളുടെ കാലമാണിത്. ഇന്ത്യയ്ക്കെതിരെ എടുത്ത തെറ്റായ തീരുമാനങ്ങള്‍ തുറന്നുപറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് അമ്പയര്‍ സ്റ്റീവ് ബക്നര്‍ രംഗത്തുവന്നതിന് പിന്നാലെ ബക്നറെ പോലെ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ഡാരില്‍ ഹാര്‍പ്പറും രംഗത്തെത്തിയിരിക്കുന്നു. 1999ലെ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാനായി കുനിഞ്ഞിരുന്ന സച്ചിന്റെ തോളില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യു വിധിച്ചത് തെറ്റായിരുന്നില്ലെന്ന് ഹാര്‍പ്പര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഹാര്‍പ്പറുടെ തുറന്നുപറച്ചില്‍.

20 വര്‍ഷം മുമ്പെ നടന്ന ടെസ്റ്റില്‍ അന്നെടുത്ത തീരുമാനം ശരിയായിരുന്നുവെന്നു തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും ഹാര്‍പ്പര്‍ പറഞ്ഞു. ജീവിതത്തില്‍ മിക്കവാറും എല്ലാ ദിവസവും ആ പുറത്താകലിനെക്കുറിച്ച് ആലോചിക്കാറുണ്ട്. അതെന്റെ ഉറക്കം കളയുകയോ വേട്ടയാടുകയോ ചെയ്യുന്നില്ല. ആ തീരുമാനമെടുത്തതില്‍ ഞാനിപ്പോഴും അഭിമാനിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നിരാശ തോന്നിയേക്കാം.

കാരണം ആ തീരുമാനം എടുക്കുമ്പോള്‍ എന്റെ മുന്നില്‍ വ്യക്തികളുണ്ടായിരുന്നില്ല, ക്രിക്കറ്റ് നിയമങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. സച്ചിനെ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയതിലൂടെയാണ് ആ ടെസ്റ്റ് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്.  അതെന്തായാലും ആ തീരുമാനത്തോടെ ലോക ജനസംഖ്യയുടെ ആറിലൊന്ന് ജനതയും എന്റെ പേര് തിരിച്ചറിഞ്ഞു. അവര്‍ക്കിടയില്‍ എനിക്ക് വലിയ മതിപ്പ് ഇല്ലെങ്കില്‍ പോലും-ഹാര്‍പ്പര്‍ പറഞ്ഞു.

1999ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഇന്ത്യയെ നയിച്ചത്.  രണ്ടാം ഇന്നിംഗിസില്‍ 396 രമ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിരങ്ങിയ ഇന്ത്യ 24/3 എന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴായിരുന്നു മക്‌ഗ്രാത്തിന്റെ ഷോര്‍ട്ട് ബോളില്‍ കുനിഞ്ഞിരുന്ന് ലീവ് ചെയ്യാന്‍ ശ്രമിച്ച സച്ചിന്റെ തോളില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യു വിധിച്ചുകൊണ്ടുള്ള ഹാര്‍പ്പറുടെ വിവാദ തീരുമാനം വന്നത്. സച്ചിന്‍ വീണതോടെ 110 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ മത്സരം 285 റണ്‍സിന് തോറ്റു.