കറാച്ചി: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാക് പേസര്‍ ഷൊയൈബ് അക്തറെ നേരിടാന്‍ പേടിയായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. യുട്യൂബ് ലൈവ് ചാറ്റിനിടെയാണ് മുമ്പ് സച്ചിനെതിരെ പറഞ്ഞ കാര്യങ്ങള്‍ അഫ്രീദി ആവര്‍ത്തിച്ചത്.

നോക്കു, സച്ചിന്‍ ഒരിക്കലും പറയില്ല, തനിക്ക് അക്തറെ നേരിടാൻ പേടിയാണെന്ന്. പക്ഷെ സത്യം എന്താണെന്ന് വെച്ചാല്‍ അക്തറിന്റെ ചില സ്പെല്ലുകള്‍ നേരിടാന്‍ സച്ചിനെന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മറ്റ് ബാറ്റ്സ്മാന്‍മാരും വിറച്ചിട്ടുണ്ട്. മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റ്സ്മാന്റെ ശരീരഭാഷ കാണുമ്പോഴെ നമുക്കത് തിരിച്ചറിയാനാവും. ബാറ്റ്സ്മാന്‍ സമ്മര്‍ദ്ദത്തിലാണെന്ന് നമുക്ക് പെട്ടെന്ന് മനസിലാവും.

ഞാന്‍ പറയുന്നത്, അക്തറിനെ നേരിടാന്‍ സച്ചിന് എപ്പോഴും പേടിയായിരുന്നു എന്നല്ല, പക്ഷെ, അക്തറുടെ ചില സ്പെല്ലുകള്‍ നേരിടാന്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നു. സച്ചിനുള്‍പ്പെടെ, ലോകത്തിലെ ഏറ്റവും മികച്ച മറ്റ് ബാറ്റ്സ്മാന്‍മാരെ ബാക് ഫൂട്ടിലാക്കാന്‍ പോന്നതായിരുന്നു അത്കറുടെ ചില സ്പെല്ലുകള്‍-അഫ്രീദി പറഞ്ഞു. ലൈവ് ചാറ്റിനിടെ 2011ല്‍ സച്ചിനെതിരെ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഫ്രീദി.

2011ല്‍ ഷൊയൈബ് അക്തര്‍ തന്റെ ആത്മകഥയായ  ‘Controversially Yours’ ലും സച്ചിന് തന്നെ നേരിടാന്‍ ഭയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. അക്തറെ നേരിടനൊരുങ്ങുമ്പോള്‍ സച്ചിന്റെ മുട്ടുവിറച്ചിരുന്നുവെന്നും സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു താനിത് നേരിട്ട് കണ്ടുവെന്നും അന്ന് അഫ്രീദിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് മത്സരത്തിലായിരുന്നു ഇതെന്ന്  അഫ്രീദി വെളിപ്പെടുത്തിയില്ല.

ലോകകപ്പില്‍ പാക്കിസ്ഥാന്‍ സ്പിന്നറായിരുന്ന സയ്യിദ് അജ്മലിനെ നേരിടാനും സച്ചിന് ഭയമായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. എന്നാലിത് വലിയ സംഭവമല്ലെന്നും ചില ബൗളര്‍മാരെ നേരിടുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ സമ്മര്‍ദ്ദത്തിലാവുന്നത് സ്വാഭാവികമാണെന്നും അഫ്രീദി പറഞ്ഞു.

കണക്കുകള്‍ പറയുന്നത്


അഫ്രീദി പറഞ്ഞതും കണക്കുകളും നോക്കുമ്പോള്‍ അക്തറിനെതിരെ സച്ചിന് മോശമല്ലാത്ത റെക്കോര്‍ഡാണുള്ളതത്. എതിരെ കളിച്ച ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്ന് തവണയാണ് അക്തര്‍ സച്ചിനെ പുറത്താക്കിയത്. ഈ മത്സരങ്ങളില്‍ 41.60 ശരാശരിയില്‍ 416 റണ്‍സ് സച്ചിന്‍ നേടി. അക്തര്‍ കൂടി ഉള്‍പ്പെട്ട പാക്കിസ്ഥാന്‍ ടീമിനെതിരെ കളിച്ച 19 ഏകദിനങ്ങളില്‍ 45.74 ശരാശറിയില്‍ 864 റണ്‍സ് സച്ചിന്‍ അടിച്ചുകൂട്ടി. ഏകദിനങ്ങളില്‍ അഞ്ച് തവണ അക്തര്‍ സച്ചിനെ പുറത്താക്കുകയും ചെയ്തു.