വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 230ന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പൃഥ്വി ഷാ (48)യാ്ണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (21 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ മുഹമ്മദ് സിറാജ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്്ത്തിയിരുന്നു.

സഞ്ജു, പൃഥ്വി എന്നിവര്‍ക്ക് പുറമെ മായങ്ക് അഗര്‍വാള്‍ (29), സൂര്യകുമാര്‍ യാദവ് (35), ശുഭ്മാന്‍ ഗില്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ പൃഥ്വി- മായങ്ക് സഖ്യം 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. ആദ്യം മടങ്ങിയതും പൃഥ്വി ആയിരുന്നു. പിന്നാലെ മായങ്കും പവലിയനില്‍ തിരിച്ചെത്തി. 

എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സഞ്ജുവും നിര്‍ണായകമായ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 പന്ത് മാത്രം നേരിട്ട സഞ്ജു മൂന്ന് ഫോറും രണ്ട് സിക്‌സും പായിച്ചു. ഇരുവരും പുറത്തയായ ശേഷം സൂര്യകുമാര്‍ യാദവും വിജയ് ശങ്കറും (20) മത്സരം പൂര്‍ത്തിയാക്കി. ക്രുനാല്‍ പാണ്ഡ്യ (15)ശങ്കറിനൊപ്പം പുറത്താവാതെ നിന്നു. 

നേരത്തെ രജിന്‍ രവീന്ദ്ര (49), ടോം ബ്രൂസ് (47), കോള്‍ മക്‌കോന്‍ച്ചി (34) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് സിറാജിന് പുറമെ ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.