ഏഴാം ഓവറില്‍ പ്രവീണിന്‍റെ പന്തില്‍ സഞ്ജു നല്‍കിയ അവസരം വിക്കറ്റ് കീപ്പര്‍ അദ്വൈത് പ്രിന്‍സ് നഷ്ടമാക്കിയത് ട്രിവാന്‍ഡ്രത്തിന് തിരിച്ചടിയായി. 18 പന്തില്‍ 25 റൺസായിരുന്നു അപ്പോള്‍ സഞ്ജുവിന്‍റെ സ്കോര്‍.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊച്ചി സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. സഞ്ജു 37 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ വിനൂപ് മനോഹരന്‍ 26 പന്തില്‍ 42 റണ്‍സടിച്ചു. നിഖില്‍ തോട്ടത്ത് 35 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോബിന്‍ ജോബി 10 പന്തില്‍ 26 റണ്‍സടിച്ചു. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊച്ചിക്കായി സഞ്ജു വീണ്ടും ഓപ്പണറായി ഇറങ്ങി. കൊച്ചിക്കായി അടി തുടങ്ങിയതും സഞ്ജു തന്നെയായിരുന്നു. 

ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു ആ ഓവറിലെ അഞ്ചാം പന്ത് സിക്സിനു തൂക്കി. പിന്നാലെ വീണ്ടുമൊരു ബൗണ്ടറി കൂടി നേടി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. സഞ്ജുവില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത വിനൂപ് മനോഹരന്‍ സഞ്ജുവിനെ സാക്ഷി നിര്‍ത്തി അടിച്ചു തകര്‍ത്തു. ആദ്യ മൂന്നോവറില്‍ കൊച്ചി 33 റണ്‍സെടുത്തെങ്കിലും പവര്‍ പ്ലേയിലെ നാലും അഞ്ചും ഓവറുകളില്‍ സഞ്ജുവിനും വിനൂപിനും കാര്യമായി സ്കോര്‍ ചെയ്യാനായില്ല. രണ്ടോവറില്‍ 10 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ കൂടി നേടിയ വിനൂപ് മനോഹരന്‍ കൊച്ചിയെ 57 റണ്‍സിലെത്തിച്ചു. 

ഏഴാം ഓവറില്‍ പ്രവീണിന്‍റെ പന്തില്‍ സഞ്ജു നല്‍കിയ അവസരം വിക്കറ്റ് കീപ്പര്‍ അദ്വൈത് പ്രിന്‍സ് നഷ്ടമാക്കിയത് ട്രിവാന്‍ഡ്രത്തിന് തിരിച്ചടിയായി. 18 പന്തില്‍ 25 റൺസായിരുന്നു അപ്പോള്‍ സഞ്ജുവിന്‍റെ സ്കോര്‍. പവര്‍ പ്ലേക്ക് പിന്നാലെ വിനൂപ് മനോഹരനും(26 പന്തില്‍ 42) ക്യാപ്റ്റന്‍ സാലി സാംസണും(7 പന്തില്‍ 9) മടങ്ങിയത് കൊച്ചിക്ക് തിരിച്ചടിയായി. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു നിഖില്‍ തോട്ടത്തിനെ കൂട്ടുപിടിച്ച് കൊച്ചിയെ 100 കടത്തി. എന്നാല്‍ പതിനഞ്ചാം ഓവറില്‍ സഞ്ജുവും(37 പന്തില്‍ 62) പിന്നാലെ അതേ സ്കോറില്‍ ആല്‍ഫി ഫ്രാന്‍സിസും(0) വീണതോടെ കൊച്ചി 127-4 എന്ന സ്കോറില്‍ പതറി. അഞ്ച് സിക്സും നാലു ഫോറും പറത്തിയാണ് സഞ്ജു 62 റണ്‍സെടുത്തത്.

View post on Instagram

പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിഖില്‍ തോട്ടത്തും(35 പന്തില്‍ 45*) ജോബിന്‍ ജോബിയും(10 പന്തില്‍ 26) ചേര്‍ന്നാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനോട് കൊച്ചി 33 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക