മുംബൈ: നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ്‍ സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ശ്രീങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ താരം വീണ്ടും പാഡ് കെട്ടി. ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. 

ഇനി ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും ഒരിക്കല്‍കൂടി സഞ്ജുവിലേക്കാണ്. താരത്തിന് ഇനിയും അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ പുറത്തുവരുന്നത് അത്ര നല്ല വാര്‍ത്തകളല്ല. സഞ്ജുവിന് അവസരം നഷ്ടമായേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ കാരണമായി പറയുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവാണ്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തന്നെ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ തിരിച്ചുവിളിച്ചു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ തിരിച്ചെത്തും. അതോടെ ഒരാളെ പുറത്താക്കേണ്ടതായി വരും. ആ താരം സഞ്ജു ആയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന പരമ്പര ആയതിനാല്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്താനും സാധ്യതയേറെയാണ്.  അഞ്ച് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.