16 റണ്‍സാണ് ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരെ സഞ്ജു അടിച്ചെടുത്തത്.
മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തിനിടെ സഞ്ജു സാംസണ് പരിക്ക്. ബാറ്റിംഗ് ശേഷം സഞ്ജു ഗ്രൗണ്ടിലെത്തിയിട്ടില്ല. പകരം ധ്രുവ് ജുറലാണ് വിക്കറ്റിന് പിന്നില്‍. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 248 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മത്സരത്തില്‍ സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യദാവ് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയിരുന്നു.
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചാണ് സഞ്ജു തുടങ്ങിയത്. അതും പരമ്പരയില്‍ മൂന്ന് തവണയും തന്നെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ഷോട്ട് കളിച്ചാണ് സഞ്ജു സിക്‌സര്‍ നേടിയത്. ആ ഒരു ഷോട്ടില്‍ മാത്രം ഒതുക്കിയില്ല സഞ്ജു. അഞ്ചാം പന്തില്‍ മറ്റൊരു സിക്‌സര്‍ കൂടി. ഇത്തവണയും ബൗണ്‍സറുമായി സഞ്ജു എത്തിയപ്പോള്‍ സ്‌ക്വയര്‍ ലെഗിലൂടെ സഞ്ജു സിക്‌സര്‍ പായിക്കുകയായിരുന്നു. അവസാന പന്തില്‍ ബൗണ്ടറിയും നേടി. 16 റണ്‍സാണ് ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരെ സഞ്ജു അടിച്ചെടുത്തത്.
ഇതിനിടെയാണ് സഞ്ജുവിന്റെ കൈവിരലുകള്‍ക്ക് പരിക്കേല്‍ക്കുന്നത്. ആര്‍ച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. എന്നാല്‍ അടുത്ത ഓവറില്‍ സഞ്ജു പുറത്താവുകയും ചെയ്തു. ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് സഞ്ജു പുറത്തായതും. ഇത്തവണ മാര്‍ക്ക് വുഡിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. പിന്നീട് സഞ്ജുവിനെ ഗ്രൗണ്ടില്‍ കണ്ടിട്ടില്ല. ജുറലിനെ കീപ്പറാക്കുകയായിരുന്നു. അടുത്തിടെ വിക്കറ്റ് കീപ്പിംഗിലും സഞ്ജു മിന്നും പ്രകടനമല്ല താരം പുറത്തെടുക്കുന്നത്. നാലാം മത്സരത്തില്‍ ഒരു ക്യാച്ചും റണ്ണൗട്ട് അവസരവും താരം പാഴാക്കിയിരുന്നു.
ഇതിനിടെ ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ് അഭിഷേക് നേടിയത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളാന്‍ അഭിഷേകിന് സാധിച്ചു. ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്.

