ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ചെന്നൈ താരം സഞ്ജു സാംസണ്‍ തന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. 

ചെന്നൈ: ഫോമില്ലായ്മയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സഞ്ജു സാംസണ്‍. ചെന്നൈ, ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ ഇന്നിംഗ്‌സിന് ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവെ, പരാജയങ്ങള്‍ ബാധിച്ച രീതിയെക്കുറിച്ചും തന്റെ തിരിച്ചുവരവിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. തന്റെ ഭാഗ്യവ്യക്തിയാണ് രവി ശാസ്ത്രിയെന്ന് തമാശരൂപേണ പറഞ്ഞു തുടങ്ങിയ സഞ്ജു, കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പരാജയങ്ങള്‍ തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തി. ''വളരെയധികം ഫോമിലായിരിക്കുമ്പോഴും രാജ്യത്തിനായി മത്സരങ്ങള്‍ ജയിപ്പിച്ചു കൊടുത്തിട്ടുള്ളപ്പോഴും പോലും, തുടര്‍ച്ചയായ ചില പരാജയങ്ങള്‍ മനസ്സില്‍ വലിയ സംശയങ്ങള്‍ ഉണ്ടാക്കും. തുടക്കത്തില്‍ തന്നെ കൂടുതല്‍ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാന്‍ മാറ്റണമോ എന്നിങ്ങനെയുള്ള ചിന്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്റെ അടിസ്ഥാന ശൈലിയില്‍ വിശ്വസിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായി ഫലിച്ചു.'' സഞ്ജു പറഞ്ഞു.

പിച്ചിനെക്കുറിച്ച്

ബാറ്റിംഗിന് അനുകൂലമായ വിക്കറ്റ് ഒരുക്കിയ ക്യൂറേറ്റര്‍ക്ക് സഞ്ജു നന്ദി പറഞ്ഞു. തുടക്കത്തില്‍ പന്ത് സ്ലോ ആയിരുന്നു. അക്‌സര്‍ പട്ടേല്‍ പവര്‍പ്ലേയില്‍ പന്തെറിഞ്ഞപ്പോള്‍ അത് പ്രകടമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ പന്ത് പഴയതായതോടെ ബാറ്റിംഗ് എളുപ്പമായി. ആയുഷ മാത്രയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്നത് വളരെയധികം ആസ്വദിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശ്ചിത സ്‌കോര്‍ ലക്ഷ്യം വെച്ച് കളിക്കാനാകില്ലെന്നാണ് സഞ്ജുവിന്റെ പക്ഷം. ''ഒരിക്കല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പരമാവധി വലിയ സ്‌കോര്‍ ബോര്‍ഡില്‍ എത്തിക്കുക എന്നതാണ് പ്രധാനം. ഞങ്ങള്‍ക്ക് നീണ്ട ബാറ്റിംഗ് നിരയുള്ളതിനാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കൃത്യമായ ബൗളര്‍മാരെയും ഓപ്ഷനുകളെയും തിരഞ്ഞെടുത്തു മുന്നേറാനാണ് ശ്രമിച്ചത്.'' സഞ്ജു വ്യക്തമാക്കി.

YouTube video player