തിരുവനന്തപുരം: ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം മനസ് തുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരെ അവസാന രണ്ട് ടി20 മത്സരങ്ങളിലാണ് സഞ്ജു കളിച്ചിരുന്നത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജുവിന് രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ടി20ക്ക് ശേഷം സഞ്ജു നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

ഇതിനിടെയാണ് താരം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. കിവീസിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരാശയില്ലെന്ന് സഞ്ജു പറഞ്ഞു. താരം തുടര്‍ന്നു... ''എന്റെ ബാറ്റിങ് ശൈലിയെ കോലി പിന്തുണച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമിന്റെ ജേഴ്‌സി അണിയുമ്പോള്‍ എല്ലാമൊന്ന് നേരെയായി വരാന്‍ കുറച്ച് സമയമെടുക്കും.  സമ്മര്‍ദ്ദമുണ്ടാവും.. ഇതെല്ലാം മനസിലാക്കിയാണ് കളിക്കാന്‍ പോയത്. അതുകൊണ്ട് തന്നെ പരാജയപ്പെട്ടാലും കുഴപ്പമില്ലെന്ന ചിന്ത മനസിലുണ്ടായിരുന്നു.

ആരാധകര്‍ കാണിക്കുന്ന പിന്തുണയാണ് എന്റെ ശക്തി. ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്റെ സംബന്ധിച്ചിടത്തോളം പത്ത് തവണ കളിച്ചാല്‍ മൂന്നോ നാലോ തവണ മാത്രമെ മികച്ച പ്രകടനം നടത്താന്‍ സാധിക്കൂ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ഇത്തരത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. അപ്പൊപിന്നെ ഞാനൊക്കെ ആരാണ്. പരാജയപ്പെട്ടാല്‍ മാത്രമെ അടുത്ത തവണ വിജയമുണ്ടാവുകയുള്ളു. അടുത്ത തവണ ലഭിക്കുന്ന അവസരം നല്ലപോലെ ഉപയോഗിക്കണം.

ആരാധകരുടെ നിരാശയെല്ലാം മനസിലാക്കുന്നു. എന്നാല്‍ ബാറ്റിങ്ങിലുണ്ടായ പരാജയത്തെ മറികടന്ന് തിരിച്ചെത്താന്‍ സാധിക്കും.'' താരം പറഞ്ഞുനിര്‍ത്തി. ഐപിഎല്‍ ലോകത്തെ മികച്ച ടി20 ടൂര്‍ണമെന്റാണെനും അതില്‍ അതില്‍ കളിക്കാനാവുന്നത് തന്നെ ഭാഗ്യമാണെന്നും സഞ്ജു പറഞ്ഞു.