Asianet News MalayalamAsianet News Malayalam

സഞ്ജു വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

വണ്‍ ഡൗണായി എത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും ശ്രമിക്കാതെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ സ്കോര്‍ കുതിച്ചു. സഞ്ജുവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി.

Sanju Samson shines India A beat South Africa A by 36 runs
Author
Thiruvananthapuram, First Published Sep 6, 2019, 5:37 PM IST

തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ദക്ഷിണാഫിക്ക എക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി എത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും ശ്രമിക്കാതെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ സ്കോര്‍ കുതിച്ചു. സഞ്ജുവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പതിനാലാം ഓവറില്‍ ശിഖര്‍ ധവാനെ(36 പന്തില്‍ 51) നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ വീണു. 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സറും അടക്കം 91 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ഇരുവരും പുറത്തായശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ(19 പന്തില്‍ 36) വെടിക്കെട്ട് ഫിനിഷിംഗാംണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. മറുപടി ബാറ്റിംഗില്‍ റീസാ ഹെന്‍ഡ്രിക്സും(43 പന്തില്‍ 59), കെയ്ല്‍ വെരിയെന്നെയും(24 പന്തില്‍ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios