രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ഹൈദരാബാദിന്‍റെ പുതിയ പേസ് സെന്‍സേഷന്‍ പ്രഫുല്‍ ഹിംഗെയെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ചെന്നൈയുടെ ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നിരാശ. ഹൈദരാബാദിനെതിരെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കായി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ഹൈദരാബാദിന്‍റെ പുതിയ പേസ് സെന്‍സേഷന്‍ പ്രഫുല്‍ ഹിംഗെയെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്. വൈഭവിനെതിരെ എറിഞ്ഞതുപോലെ സഞ്ജുവിനെതിരെയും ഹിംഗെ ആദ്യ പന്ത് ഷോര്‍ട്ട് പിച്ച് പന്തായിരുന്നു എറിഞ്ഞത്. സഞ്ജു പുള്‍ ചെയ്ത പന്ത് ഫൈന്‍ ലെഗ് ഫീല്‍ഡറുടെ തലക്ക് തൊട്ടുമുകളിലൂടെ ഗ്യാലറിയിലെത്തി. ആദ്യ പന്തില്‍ വീണ്ടും വിക്കറ്റ് കിട്ടിയെന്ന് കരുതി ഹിംഗെ ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും പന്ത് ഗ്യാലറിയിലായിരുന്നു പതിച്ചത്. അടുത്ത പന്തില്‍ സിംഗിളെടുത്ത സഞ്ജു സ്ട്രൈക്ക് റുതുരാജ് ഗെയ്ക്‌വാദിന് കൈമാറി.

View post on Instagram

ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറി കൂടി നേടി റുതുരാജ് ചെന്നൈയുടെ തുടക്കം പവറാക്കി. എന്നാല്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓഫ് സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് പിച്ചായ പന്തില്‍ സിക്സ് അടിക്കാന്‍ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. മിഡ് ഓണില്‍ ഹെന്‍റിച്ച് ക്ലാസന്‍ സഞ്ജുവിനെ അനായാസം കൈയിലൊതുക്കി. 3 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ റണ്‍വേട്ടക്കാരില്‍ ആദ്യ 10ലെത്താനുള്ള അവസരവും സഞ്ജു നഷ്ടമാക്കി.

ആറ് മത്സരങ്ങളില്‍ നിന്ന് 38.40 ശരാശരിയിലും 174.55 സ്ട്രൈക്ക് റേറ്റിലും 192 റണ്‍സെടുത്ത സഞ്ജു നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോറര്‍ സ്ഥാനവും യുവതാരം അയുഷ് മാത്രെക്ക് മുന്നില്‍ സഞ്ജുവിന് നഷ്ടമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക