സെഞ്ചുറികളടക്കം നേടി മിന്നും ഫോമില്‍ നിന്നിരുന്ന 2024. 2025 തുടങ്ങിയപ്പോഴേക്കും ഒരൊറ്റ വീഴ്ച.

മുംബൈ: വാംഖഡെയില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ സഞ്ജു സാംസണ് അല്‍പം സമ്മര്‍ദം കൂടുതലുണ്ട്. വിമര്‍ശകര്‍ക്കും ആരാധകര്‍ക്കും വേണ്ടി ഒരു മികച്ച ഇന്നിങ്‌സ് കളിച്ചേ തീരു സഞ്ജുവിന്. 'എന്നാലും എന്റെ സഞ്ജു' ഓരോ ക്രിക്കറ്റ് ആരാധകരും ഇങ്ങനെ പറഞ്ഞില്ലങ്കിലേ അല്‍ഭുതമുള്ളൂ. സെഞ്ചുറികളടക്കം നേടി മിന്നും ഫോമില്‍ നിന്നിരുന്ന 2024. 2025 തുടങ്ങിയപ്പോഴേക്കും ഒരൊറ്റ വീഴ്ച. ഇംഗ്ലണ്ടിനെതിരെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 35 റണ്‍സ് മാത്രം.

വേഗമേറിയ ഷോട്ട് ബോളുകളില്‍ സ്ഥിരം വിക്കറ്റ് വലിച്ചെറിയുന്ന താരത്തിന്റെ പ്രകടനത്തില്‍ ആരാധകരും അസ്വസ്ഥരാണ്. ആദ്യ മൂന്നു മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ ട്രാപ്പില്‍ വീണ സഞ്ജു, നാലം മത്സരത്തില്‍ സാഖിബ് മഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുറത്തായി. പക്ഷേ, വാംഖഡെയില്‍ താരം തിളങ്ങുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 17 മത്സരങ്ങള്‍ നിന്ന് 565 റണ്‍സ് സഞ്ജു വാംഖഡെയില്‍ നേടിയിട്ടുണ്ട്. ഈ കണക്കില്‍ പ്രതീക്ഷവച്ചാല്‍ ഇന്ന് വെടിക്കെട്ടുറപ്പ്.

തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം! ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, അണ്ടര്‍ 19 വനിതാ ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി

തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായി പിന്നീട് സെഞ്ചുറി നേടുന്ന സഞ്ജു ട്രിക്ക് ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കാം. നായകന്‍ രോഹിത് ശര്‍മയെ വരെ മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഗംഭീറിന്റെ പുതിയ രീതി സഞ്ജുവിനും ഭീഷണിയാണ്. ക്യാപ്റ്റന്റെയടക്കം പിന്തുണയുണ്ടെങ്കിലും യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. കീപ്പിങ്ങിലും മിന്നും പ്രകടനമല്ല താരം പുറത്തെടുക്കുന്നത്. നാലാം മത്സരത്തില്‍ ഒരു ക്യാച്ചും റണ്ണൗട്ട് അവസരവും താരം പാഴാക്കിയിരുന്നു. എന്തായാലും ഇന്നത്തെ മത്സരം സഞ്ജുവിന് നിര്‍ണായകമാണ്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ / രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ് / ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് / മുഹമ്മദ് ഷമി.