ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് യുവ വനിതാ താരം സാറാ ടെയ്‌ലറെ എക്കാലത്തെയും മികച്ചവളെന്ന് വിശേഷിപ്പിച്ച് ഐസിസി. രാജ്യാന്തര ക്രിക്കറ്റില്‍ സാറയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഐസിസി സാറയെ എക്കാലത്തെയും മികച്ചവളെന്ന് വിശേഷിപ്പിച്ചത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ വനിതാ താരമാണ് സാറ. വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളില്‍ പങ്കാളിയായി(232). മൂന്ന് തവണ ലോക കിരീട നേട്ടത്തില്‍ പങ്കാളിയായ സാറ മൂന്നുതവണ ഐസിസി വനിതാ ടി20 ക്രിക്കറ്റ് താരമായും ഒരുതവണ ഏകദിന ക്രിക്കറ്റ് താരമായും തെരഞ്ഞെടുിക്കപ്പെട്ടു.

അമിതമായ ഉത്‌ക്കണ്‌ഠ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മത്സരങ്ങളെ ബാധിക്കുന്നതാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം. മത്സരങ്ങളുടെ ആധിക്യവും ആരോഗ്യപ്രശ്‌നങ്ങളും സാറയെ അലട്ടിയിരുന്നതായാണ് സൂചന. 2016 ടി20 ലോകകപ്പിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത സാറ 2017 ലോകകപ്പിലാണ് തിരിച്ചെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്തിടെ ആഷസ് ടി20 ക്രിക്കറ്റില്‍ നിന്നും സാറ വിട്ടുനിന്നിരുന്നു.