ഐപിഎല്‍ ലേലത്തില്‍ വെറും 75 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയ സര്‍ഫറാസ് ഖാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍, 28.4 കോടി രൂപ മുടക്കി ടീമിലെത്തിച്ച കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ തുടങ്ങിയ താരങ്ങള്‍ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.

ചെന്നൈ: ഐപിഎല്‍ ലേലത്തില്‍ വലിയ തുക മുടക്കി താരങ്ങളെ വാങ്ങുന്നത് ഫ്രാഞ്ചൈസികളുടെ തീരുമാനമാണ്, എന്നാല്‍ ആ തുകയ്ക്കുള്ള പ്രകടനം കളിക്കളത്തില്‍ ലഭിക്കുമെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കും കഴിയില്ല. 2026 ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരിടുന്നത് കൃത്യമായി ഈയൊരു പ്രതിസന്ധിയാണ്. ടീമിലെ ഏറ്റവും വില കുറഞ്ഞ താരം മികച്ച പ്രകടനം നടത്തുമ്പോള്‍, കോടികള്‍ മുടക്കി വാങ്ങിയവര്‍ ഫോം കണ്ടെത്താനാകാതെ ഉഴലുകയാണ്.

75 ലക്ഷത്തിന്റെ സര്‍ഫറാസ് മിന്നുന്നു

ലേലത്തില്‍ വെറും 75 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ സര്‍ഫറാസ് ഖാനാണ് നിലവില്‍ ടീമിന്റെ ബാറ്റിംഗ് നിരയിലെ കരുത്ത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 99 റണ്‍സുമായി സര്‍ഫറാസാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍. പ്രധാനമായും ടെസ്റ്റ് പ്ലെയര്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന സര്‍ഫറാസ്, 202.04 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 33 ശരാശരിയിലുമാണ് റണ്‍സ് അടിച്ചുകൂട്ടുന്നത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നേരിടാനും സ്‌കോര്‍ ഉയര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ചെന്നൈക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സര്‍ഫറാസിനെ ലേലത്തില്‍ വിളിക്കാതിരുന്ന മറ്റ് ടീമുകളെ ഇപ്പോള്‍ ഈ പ്രകടനം പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നുണ്ടാകാം.

ചോദ്യചിഹ്നമായി 28.4 കോടിയുടെ താരങ്ങള്‍

മറുഭാഗത്ത്, വലിയ തുകയ്ക്ക് ടീമിലെത്തിയ കാര്‍ത്തിക് ശര്‍മയുടെയും പ്രശാന്ത് വീറിന്റെയും പ്രകടനം കടുത്ത വിമര്‍ശനത്തിന് വിധേയമാകുകയാണ്. 14.20 കോടി രൂപയ്ക്ക് ടീമിലെത്തിയ കാര്‍ത്തിക് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് വെറും 25 റണ്‍സ് മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം കണ്ടാണ് ഇത്രയും വലിയ തുക മുടക്കിയതെങ്കിലും ഐപിഎല്ലില്‍ ഇതുവരെ താളം കണ്ടെത്താന്‍ താരത്തിനായിട്ടില്ല. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി 14.20 കോടി രൂപയ്ക്ക് വാങ്ങിയ ഓള്‍റൗണ്ടറാണ് പ്രശാന്ത് വീര്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് 49 റണ്‍സ് നേടിയെങ്കിലും, ഈ സീസണില്‍ ഇതുവരെ ഒരു പന്ത് പോലും എറിയാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഇത്രയും വലിയ തുക മുടക്കിയ ഒരു ഓള്‍റൗണ്ടറെ ബൗളിംഗില്‍ ഉപയോഗിക്കാത്തത് മാനേജ്മെന്റിന്റെ തന്ത്രപരമായ പിഴവാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രകടനമാണ് പ്രധാനം

ഏകദേശം 28 കോടിയിലധികം രൂപ ഈ രണ്ട് താരങ്ങള്‍ക്കായി മാത്രം ചെന്നൈ ചിലവഴിച്ചിട്ടുണ്ട്. ഇവര്‍ ഫോമിലേക്ക് ഉയരാത്തത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും ഫ്‌ലെക്‌സിബിലിറ്റിയെയും ബാധിക്കുന്നു. ടീമിലെ ഏറ്റവും കുറഞ്ഞ തുകയുള്ള താരം ടീമിനെ നയിക്കേണ്ടി അവസ്ഥയാണ് ചെന്നൈക്ക്.

YouTube video player