ചിറ്റഗോങ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അതിഥേയര്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിട്ടുണ്ട്. ഷാക്കിബ് അല്‍ ഹസന്‍ (39), ലിറ്റണ്‍ ദാസ്് (34) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോമല്‍ വറികാനാണ് ബംഗ്ലാദേശ് മുന്‍നിരയെ തകര്‍ത്തത്.

സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രമുള്ളപ്പോള്‍ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (9), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (25) എന്നിവരാണ് മടങ്ങിയത്. പിന്നീട് ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനൊപ്പം (59) ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖാണ് (26) ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇരുവരേയും ബംഗ്ലാദേശിന് നഷ്ടമായി. 

പിന്നീട് മുഴുവന്‍ ഉത്തരവാദിത്തവും മുഷ്ഫിഖര്‍ റഹീം (38)- ഷാക്കിബ് സഖ്യത്തിലായി. ഇരുവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. 59 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റഹീമിനെ തിരിച്ചയച്ച് വറികാന്‍ സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ലിറ്റണ്‍ ദാസ് ക്രീസിലേക്ക്. ഇരുവരും ഇതുവരെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വറികാന് പുറമെ കെമര്‍ റോച്ച് ഒരു വിക്കറ്റ് വീഴ്ത്തി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.