ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ് നാലാം നമ്പര്‍ സ്ഥാനം. നാലാം സ്ഥാനത്ത് അമ്പാട്ടി റായുഡു ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അവസാന നിമിഷം വിജയ് ശങ്കറിന് നറുക്ക് വീണു.

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ് നാലാം നമ്പര്‍ സ്ഥാനം. നാലാം സ്ഥാനത്ത് അമ്പാട്ടി റായുഡു ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അവസാന നിമിഷം വിജയ് ശങ്കറിന് നറുക്ക് വീണു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമാണ് റായുഡുവിന് വിനയായത്. ശങ്കര്‍ ടീമിലെത്തിയതോടെ നേരിയ വിവാദങ്ങളുമുണ്ടായി.

എന്നാല്‍, ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിനെ കുറിച്ച് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭിപ്രായം. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ കൂടി ഓപ്പണറായ ധവാന്‍ തുടര്‍ന്നു... നാലാം നമ്പറിനെ കുറിച്ച് ഇന ചര്‍ച്ച ചെയ്യേണ്ടതില്ല. ടീമില്‍ വിജയ് ശങ്കറും കെ.എല്‍ രാഹുലുമുണ്ട്. എന്താണോ ക്യാപ്റ്റനും കോച്ചും ചിന്തിക്കുന്നത് ഞങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും ധവാന്‍.

ഇന്ത്യയുടെ ഇടത്- വലത് ഓപ്പണിങ് കൂട്ടുക്കെട്ട് എതിര്‍ബൗളര്‍മാരെ ബുദ്ധിമുട്ടിക്കും. ബൗളര്‍മാര്‍ക്ക് ഒരിക്കലും അനായാസമായി പന്തെറിയാന്‍ സാധിക്കില്ല. മാത്രമല്ല, കഴിഞ്ഞ മത്സരങ്ങളായി ഞാനും രോഹിത് ശര്‍മയും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.