മുംബൈ: ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ധവാന്റെ ഇടത് തോളിന് പരിക്കേറ്റിരുന്നു. 24ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടതാരം പിന്നീട് ബാറ്റിങ്ങിനും ഇറങ്ങിയിരുന്നില്ല. പിന്നീട് യൂസ്‌വേന്ദ്ര ചാഹലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ധവാന് പകരം കെ എല്‍ രാഹുലാണ് ഇന്നലെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇന്നാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്ക് പുറപ്പെടുക.

അടുത്തിടെയാണ് പരിക്ക് മാറി ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നത്. പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലേക്ക് താരം തിരിച്ചെത്തി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് തോട്ടുമുമ്പ് ധവാന് വീണ്ടും പരിക്കേറ്റിരുന്നു. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം തിരിച്ചെത്തിയത്.