രാജ്‌കോട്ട്: ഓപ്പണര്‍ സ്ഥാനത്ത് നിന്ന് താഴേക്കിറങ്ങി ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ശിഖര്‍ ധവാന്‍. ഓസ്‌ട്രേലിയക്കെതിരെ മുംബൈ ഏകദിനത്തില്‍ രാഹുലിനേയും ധവാനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനായി ക്യാപ്റ്റൻ വിരാട് കോലി നാലാം സ്ഥാനത്തേക്കിറങ്ങിയത് കടുത്ത വിമർശനത്തിന് കാരണമായതിന് പിന്നാലെയാണ് ധവാന്റെ പ്രതികരണം. 

'ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാറാണ്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ എന്ത് വിട്ടുവീഴ്‌ചയും ചെയ്യണം. ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത് കോലിയുടെ തീരുമാനമാണ്. കഴിഞ്ഞ പരമ്പരകളില്‍ രാഹുല്‍ നന്നായി കളിച്ചതിനാലാണ് ബാറ്റിംഗ് ഓ‍ർഡറിൽ മാറ്റം വരുത്തേണ്ടിവന്നത്. വരും മത്സരങ്ങളിലെ മാറ്റവും കോലിയാണ് തീരുമാനിക്കേണ്ടത്' എന്നും ധവാൻ പറഞ്ഞു. 

മുംബൈയില്‍ കോലി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തതിനെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്‌മണ്‍, സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവ‍ർ വിമർശിച്ചിരുന്നു. ഓസ്‌ട്രേലിയ പോലൊരു ടീമിനോട് പരീക്ഷണം ചെയ്യാൻ പാടില്ലെന്ന് ലക്ഷ്‌മൺ പറഞ്ഞു. ശ്രേയസ് അയ്യറെ നാലാം സ്ഥാനത്തേക്കായി വളര്‍ത്തിക്കൊണ്ടുവന്നിട്ട് അഞ്ചാമനായി ഇറക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് മഞ്ജരേക്കറുടെ പ്രതികരണം.

 

ബാറ്റിംഗ് ക്രമത്തില്‍ കോലി മൂന്നാം നമ്പറില്‍ മടങ്ങിയെത്തുമോ എന്ന് നാളെയറിയാം. രാജ്‌കോട്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നടക്കുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് നാളെ ജയിച്ചില്ലെങ്കില്‍ പരമ്പര നഷ്‌ടമാകും. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കാത്തതിനാല്‍ കെ എല്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കോലിക്ക് തടസങ്ങള്‍ മുന്നിലില്ല. എങ്കിലും ബാറ്റിംഗ്‌ ക്രമം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.