ദില്ലി: ലോക്ക്ഡൗണില്‍ അഭയാര്‍ത്ഥി കോളനി സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ശനിയാഴ്ച രാവിലെയാണ് മജ്‌ലിസ് പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപത്തെ അഭയാര്‍ത്ഥി കോളനി സന്ദര്‍ശിച്ചത്. പാകിസ്ഥാനില്‍ നിന്നെത്തിയ ഹിന്ദു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ക്രിക്കറ്റ് കിറ്റുകള്‍, ടോയ്‌ലറ്റ് സാമഗ്രികളും ധവാന്‍ കൊളനി വാസികള്‍ക്ക് വിതരണം ചെയ്തു. ദില്ലി റൈഡിംഗ് ക്ലബുമായി സഹകരിച്ചായിരുന്നു ധവാന്റെ സന്ദര്‍ശനം.

സന്ദര്‍ശന ചിത്രങ്ങള്‍ ധവാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കോളനി സന്ദര്‍ശിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് ധവാന്‍ പറഞ്ഞു. കോളനിവാസികളെ അറിയിക്കാതെ പെട്ടെന്നായിരുന്നു സന്ദര്‍ശനം. എല്ലാവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ധവാന്‍ മറന്നില്ല. കുട്ടികളോടൊപ്പം അല്‍പ നേരം സംവദിച്ചാണ് ധവാന്‍ മടങ്ങിയത്.