ഹാഷിം അംലയും ബാബർ അസമുമെല്ലാം പിന്നിലായി, കോലിയൊന്നും ചിത്രത്തിലേ ഇല്ല; റൺവേട്ടയിൽ റെക്കോർഡിട്ട് ശുഭ്മാൻ ഗിൽ
ഡെങ്കിപ്പനി ബാധിച്ചതുമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഗില്‍ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലാണ് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയത്.

ധരംശാല: ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 31 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായെങ്കിലും ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി ശുഭ്മാന്‍ ഗില്‍. 38 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗില്‍ 2000 തികച്ചത്. ഹാഷിം അംല(40 ഇന്നിംഗ്സ്), ബാബര്‍ അസം(45 ഇന്നിംഗ്സ്), കെവിന്‍ പീറ്റേഴ്സണ്‍(45 ഇന്നിംഗ്സ്), റാസി വാന്‍ഡര്‍ ദസ്സന്‍(45 ഇന്നിംഗ്സ്) എന്നിവരാണ് ഗില്ലിന്‍റെ റണ്‍വേട്ടയില്‍ പിന്നിലായത്. 53 ഇന്നിംഗ്സുകളില്‍ നിന്നാണ് വിരാട് കോലി 2000 റണ്‍സ് പിന്നിട്ടത്.
ഡെങ്കിപ്പനി ബാധിച്ചതുമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഗില്‍ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലാണ് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ലോകകപ്പിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറിയും ഗില്‍ നേടി.ഈ വര്‍ഷം കളിച്ച 23 മത്സരങ്ങളില്‍ 1315 റണ്‍സടിച്ച ഗില്ലാണ് ഏകദിനങ്ങളിലെ ടോപ് സ്കോറര്‍.
72.35 ശരാശരിയും 105.03 സ്ട്രൈക്ക് റേറ്റുമുള്ള ഗില്‍ ഈ വര്‍ഷം അഞ്ച് സെഞ്ചുറി നേടി. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ 302 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായതും ഗില്ലായിരുന്നു.ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഒന്നാം റാങ്കിന് തൊട്ടടുത്ത് എത്തിയിരിക്കുന്ന ഗില്ലിന് ലോകകപ്പില്‍ മികവ് കാട്ടിയാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും.
ഏകദിനങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുക്കറുടെ എക്കാലത്തെയും റെക്കോര്‍ഡ്(1894) മറികടക്കാന്‍ ഗില്ലിന് 580 റണ്‍സ് കൂടി ഇനി വേണം. ടെസ്റ്റിലും, ടി20യിലും സെഞ്ചുറി നേടിയിട്ടുള്ള ഗില്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക