ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഗില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

നാഗ്പൂര്‍: ടി20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മ പുറത്തെടുത്ത പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ യുവ ഓപ്പണര്‍മാര്‍ക്കിടയില്‍ മത്സരമൊന്നുമില്ലെന്നും ഗില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ടി20 ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഗില്‍ മറുപടി നല്‍കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു ഗില്‍.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഗില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം പഞ്ചാബിനായി രഞ്ജി ട്രോഫിയില്‍ കളിച്ച ഈ യുവ ഓപ്പണര്‍ കര്‍ണാടകയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയ്ക്കും ചാംപ്യന്‍സ് ട്രോഫിക്കും റിസര്‍വ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെ തിരഞ്ഞെടുത്തതിനാല്‍ ഗില്ലിന് കടുത്ത സമ്മര്‍ദമുണ്ട്. 2024 ജൂലൈയില്‍ ശ്രീലങ്കയില്‍ നടന്ന പരമ്പരയ്ക്ക് ശേഷം ഗില്‍ ടി20 ക്രിക്കറ്റില്‍ ഇടം നേടിയിട്ടില്ല. 

'അടിയോടടി തുടരട്ടെ'; ചാംപ്യന്‍സ് ട്രോഫില്‍ രോഹിത് ശര്‍മ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച് സുരേഷ് റെയ്‌ന

ഗില്ലിന്റെ അഭാവത്തില്‍, സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടി20 ക്രിക്കറ്റില്‍ ഓപ്പണര്‍മാരായി. 2024 ല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയപ്പോള്‍, അഭിഷേക് ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ 37 പന്തില്‍ സെഞ്ചുറി നേടി കഴിവ് പ്രകടമാക്കി. ഇതിനിടെ ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗില്‍. ''അഭിഷേക് എന്റെ ബാല്യകാല സുഹൃത്താണ്. ജയ്സ്വാള്‍ മറ്റൊരു കൂട്ടുകാരനാണ്. ഞങ്ങള്‍ക്കിടയില്‍ മോശം രീതിയിലുള്ള ഒരു മത്സരവുമില്ല. രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനും ടീമിനും വേണ്ടിയാണ് കളിക്കുന്നത്, ആരു പ്രകടനം നടത്തിയാലും അഭിനന്ദിക്കപ്പെടണം.'' ഗില്‍ വ്യക്തമാക്കി.

നേരത്തെ മലയാളി താരം കരുണ്‍ നായര്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഒഴിവാക്കപ്പെട്ടതിനോടും ഗില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് തുടര്‍ച്ച പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗില്ലിന്റെ വാക്കുകള്‍... ''കരുണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. നിലവിലെ കളിക്കാരെ ഒഴിവാക്കാന്‍ സാധിക്കില്ല. ഈ ഘട്ടത്തിലെത്താന്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍ തന്നെയാണ് അവര്‍.'' ഗില്‍ പറഞ്ഞു.