23-കാരനായ അഫ്ഗാന്‍ പേസര്‍ മുഹമ്മദ് സലീം സാഫി, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 6 വിക്കറ്റ് നേടുന്ന ആദ്യ അഫ്ഗാന്‍ ബൗളറായി ചരിത്രം കുറിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും കരിയറിലെ മോശം തുടക്കത്തെയും അതിജീവിച്ചാണ് സലീം, ശുഭ്മന്‍ ഗില്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ പുറത്താക്കി ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

ന്യൂ ചണ്ഡിഗഡ്: 'കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ കാരണം എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല, എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്,' ആറ് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ ഒരു അഭിമുഖത്തില്‍ കൗമാരക്കാരനായ ഒരു പേസ് ബൗളര്‍ കണ്ണീരോടെ പറഞ്ഞ വാക്കുകളാണിത്. അന്ന് ക്രിക്കറ്റ് ലോകത്തിന് തീര്‍ത്തും അപരിചിതനായിരുന്ന ആ താരം ഇന്ന് ചരിത്രത്തിന്റെ താളുകളിലേക്ക് തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുന്നു, മുഹമ്മദ് സലീം സാഫി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യന്‍ ബാറ്റിംഗ് കരുത്തിന് മുന്നില്‍ ബൗളര്‍മാര്‍ അമ്പേ പതറിയ ന്യൂ ചണ്ഡിഗഡിലെ ഫ്‌ളാറ്റ് പിച്ചില്‍, അഫ്ഗാനിസ്ഥാന്റെ രക്ഷകനായി മാറിയത് 23-കാരനായ ഈ പേസറാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത മത്സരത്തില്‍, 27 ഓവറില്‍ 140 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സലീം പിഴുതത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ എന്ന ചരിത്ര റെക്കോര്‍ഡ് ഇനി സലീം സാഫിക്ക് സ്വന്തം.

പ്രതിസന്ധികളെ അതിജീവിച്ച കരിയര്‍

അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍ നിന്ന് വരുന്ന സലീമിന്റെ കരിയറിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. തന്റെ ആദ്യ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റമാകട്ടെ പരിക്കേറ്റ് കണ്ണീരോടെയാണ് അവസാനിച്ചത്. എന്നാല്‍ മുല്ലാന്‍പൂരിലെ കടുത്ത ചൂടില്‍ രണ്ടാം പുതിയ പന്തുമായി സലീം ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് മറുപടിയില്ലായിരുന്നു.

ഇന്ത്യന്‍ കോട്ട തകര്‍ത്ത പ്രകടനം

മത്സരത്തിന്റെ ഒന്നാം ദിനം തന്നെ അപകടകാരികളായ യശസ്വി ജയ്സ്വാളിനെയും സായ് സുദര്‍ശനെയും (81) പുറത്താക്കി സലീം തന്റെ വരവ് അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറിലായിരുന്നു സലീമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം രാജ്യം കണ്ടത്. 126 റണ്‍സുമായി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ, മികച്ചൊരു ഔട്ട്‌സ്വിംഗറിലൂടെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 19 റണ്‍സുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ധ്രുവ് ജുറേല്‍ ഓഫ്-സ്റ്റംപിന് വെളിയില്‍ പോകും എന്ന് കരുതി ഒഴിവാക്കിയ പന്ത്, ഇന്‍സ്വിംഗ് ചെയ്ത് ഓഫ് സ്റ്റംപ് തകര്‍ത്തു. പിന്നീട് അരങ്ങേറ്റ താരം മാനവ് സുതറിനെ പുറത്താക്കി സലീം തന്റെ 5 വിക്കറ്റ് നേട്ടം തികച്ചു. തൊട്ടുപിന്നാലെ മുഹമ്മദ് സിറാജിനെ (22) ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ട് 6 വിക്കറ്റ് നേട്ടമെന്ന ചരിത്ര നേട്ടവും പൂര്‍ത്തിയാക്കി.

YouTube video player