വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി.
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കമിട്ട് ഇന്ത്യൻ വനിതകള്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയിലാണ്. 45 പന്തില്‍ 49 റണ്‍സുമായി സ്മൃതി മന്ദാനയും 57 പന്തില്‍ 40 റണ്‍സുമായി പ്രതികാ റാവലും ക്രീസില്‍.
വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതിയുടെ പേരിലായിരുന്നു. ഈ വര്‍ഷം കളിച്ച 17 ഏകദിനങ്ങളില്‍ നിന്ന് 982 റണ്‍സാണ് സ്മൃതി നേടിയത്. ഓസ്ട്രേലിയക്കെതിരെ 18 റണ്‍സ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്മൃതിയുടെ പേരിലായി.
1997ല്‍ 970 റണ്‍സടിച്ച ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാര്‍ക്കിന്‍റെ പേരിലായിരുന്നു വനിതാ ഏകദിനങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്‍റെ റെക്കോര്‍ഡ്. 2022ല്‍ 882 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാർഡ്, 1997ൽ 880 റണ്‍സടിച്ച ന്യൂസിലന്‍ഡിന്‍റെ ഡെബ്ബി ഹോക്‌ലി 2016ല്‍ 853 റണ്‍സടിച്ച ആമി സാറ്റര്‍വൈറ്റ് എന്നിവരെയും സ്മൃതി റെക്കോര്‍ഡ് നേട്ടത്തില്‍ പിന്തള്ളിയിരുന്നു. ഈ വര്‍ഷം കളിച്ച 18 മത്സരങ്ങളില്‍ നാലു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്മൃതി നേടി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും ആദ്യ മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സ്മൃതിയും പ്രതിക റാവലും ചേര്‍ന്ന് നേടിയത്.സോഫി മോളിനെക്സ് എറിഞ്ഞ എട്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ മന്ദാനയാണ് ഇന്ത്യയെ ടോപ് ഗിയറിലാക്കിയത്. ആഷ്‌ലി ഗാര്‍ഡ്നര്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ ഒറു ഫോറും സിക്സും ഫോറും നേടിയ പ്രതികയും പവര്‍ പ്ലേ പവറാക്കി. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ഇന്ത്യയെ 71 റണ്‍സിലെത്തിച്ചു.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: അലീസ ഹീലി (ക്യാപ്റ്റൻ), ഫീബ് ലിച്ച്‌ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലീ ഗാർഡ്‌നർ, തഹ്ലിയ മക്‌ഗ്രാത്ത്, സോഫി മോളിനക്സ്, കിം ഗാർത്ത്, അലാന കിംഗ്, മേഗൻ ഷട്ട്
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

