രണ്ടാം ദിനത്തിലെ കളിക്കുശേഷം ലോര്‍ഡ്സില്‍ ആദ്യമായി അഞ്ച് വിക്കറ്റെടുത്ത ബുമ്രയായിരുന്നു വാര്‍ത്താ സമ്മളനത്തിന് എത്തിയത്.

ലണ്ടൻ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 387 റണ്‍സില്‍ അവസാനിപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത്. 251-4 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 271-7ലേക്ക് കൂപ്പുകുത്തിയെങ്കിലും ജാമി സ്മിത്തിന്‍റെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് 387 റണ്‍സിലെത്തിയത്.

രണ്ടാം ദിനത്തിലെ കളിക്കുശേഷം ലോര്‍ഡ്സില്‍ ആദ്യമായി അഞ്ച് വിക്കറ്റെടുത്ത ബുമ്രയായിരുന്നു വാര്‍ത്താ സമ്മളനത്തിന് എത്തിയത്. എത്ര മികച്ച പ്രകടനം നടത്തിയാലും ആളുകള്‍ വിമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബുമ്ര മറുപടി പറയാന്‍ തുടങ്ങവെ ചാനല്‍ മൈക്കുകള്‍ക്ക് അടുത്തുവെച്ചിരുന്ന റിപ്പോര്‍ട്ടറുടെ ഫോണ്‍ റിംഗ് ചെയ്തു. ഇതു കണ്ട ബുമ്ര ഫോണ്‍ സൈലന്‍റാക്കിയശേഷം ആരുടെയോ ഭാര്യവിളിക്കുന്നുണ്ടെന്നും ഞാനത് എടുക്കുന്നില്ലെന്നും മാറ്റിവെക്കുകയാണെന്നും പറഞ്ഞ് ഫോണ്‍ മാറ്റിവെച്ചു.

Scroll to load tweet…

ആളുകളുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 200 ടെസ്റ്റ് കളിച്ച സച്ചിനെപോലും ആളുകള്‍ വിധിക്കാറുണ്ടെന്നും ഇന്ത്യൻ ജേഴ്സി അണിയുന്നിടത്തോളം കാലം ഓരോ ദിവസവും അത് തുടരുമെന്നും ബുമ്ര പറഞ്ഞു. ടെസ്റ്റ് കരിയറില്‍ പതിനഞ്ചാം തവണയും ലോര്‍ഡ്സില്‍ ആദ്യമായും ആണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലും ബുമ്ര അഞ്ച് വിക്കറ്റ് എടുത്തിരുന്നു. വിദേശത്ത് കളിച്ച 35 ടെസ്റ്റില്‍ പതിമൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റെടുക്കുന്നത്. ഇതോടെ വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുത്ത ഇന്ത്യൻ പേസറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു. 12 തവണ അഞ്ച് വിക്കറ്റെടുക്ക ഇതിഹാസ താരം കപില്‍ ദേവിനെയാണ് ബുമ്ര പിന്നിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക